വാഹനമോടിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത അറുപതു വയസ് കഴിഞ്ഞവര്‍ക്ക് പാലക്കാട് പട്ടാമ്പിയില്‍ മോട്ടര്‍വാഹനവകുപ്പിന്റെ സഹായം. സാമൂഹ്യസുരക്ഷാ പദ്ധതിയിലൂടെ പരിശീലനം നല്‍കി ജോയിന്റ് ആര്‍ടിഒ ലൈസന്‍സ് നല്‍കും. വിവിധ കോളജുകളിലെ നാഷണല്‍ സര്‍വീസ് സ്കീം വിദ്യാര്‍ഥികളുടെ സഹായവും ലഭിക്കും.
അറുപതു വയസ് കഴിഞ്ഞു, വാഹനമുണ്ട്, ഓടിക്കാനുമറിയാം പക്ഷെ ലൈസൻസ് ഇല്ല. നിരത്തില്‍ വാഹനവുമായി ഇറങ്ങുന്ന പല മുതിര്‍ന്നപൗരന്മാരുടെയും പ്രശ്നമിതാണ്. ഇതിന് പരിഹാരമായി പട്ടാമ്പി ജോയിന്റ് ആര്‍ടിഒ താലൂക്ക് പരിധിയിലെ താല്‍പര്യമുളള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും സാമൂഹിക സുരക്ഷാ പദ്ധതി വഴി ഡ്രൈവിങ് ലൈസൻസ് നല്‍കും. സമീപത്തെ കോളജുകളിലെ നാഷണല്‍ സര്‍വീസ് സ്കീം വിദ്യാര്‍ഥികളുമായി സഹകരിച്ചാണിത്.
കൃത്യമായി പരിശീലനം നല്‍കിയ ശേഷമേ ലൈസന്‍സ് നല്‍കു. കമ്പ്യൂട്ടർ പരിജ്ഞാനമില്ലാത്തവരെ ലേണേഴ്‌സ് ടെസ്റ്റിനും ലൈസൻസ് എടുക്കാനും സഹായിക്കും. കമ്പ്യൂട്ടർ ഉപയോഗിച്ച് എങ്ങനെ പരീക്ഷയെഴുതാമെന്ന് വായനശാലകൾ, ക്ലബ്ബുകൾ, മദ്രസകൾ വഴി പരിശീലിപ്പിക്കും. പിന്നീട് ഡ്രൈവിങ് സ്കൂളുകൾ വഴി പ്രായോഗികമായി പരിശീലിപ്പിച്ച ശേഷം ലൈസൻസെടുക്കാൻ സജ്ജരാക്കുന്നതാണ് സാമൂഹിക സുരക്ഷാ പദ്ധതി.