തിരുവല്ല ബൈപാസ് പൂര്‍ണമായി തുറന്നുകൊടുക്കാന്‍ ഇനിയും സമയമെടുക്കും. രാമന്‍ചിറ മുതല്‍ മല്ലപ്പള്ളിറോഡു വരെയുള്ള ഭാഗം പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് അഞ്ചുമാസം കൂടി വേണ്ടിവരും എന്നാണ് കണക്കുകൂട്ടല്‍. അതിനാല്‍, പണിപൂര്‍ത്തീകരിച്ച ഭാഗംമാത്രം അടുത്ത മാര്‍ച്ചോടെ ഉദ്ഘാടനംചെയ്യാനാണ് ആലോചന. 

തിരുവല്ലക്കാരുടെ കാത്തിരിപ്പിന് ഉടനെ അറുതിയാകില്ല. ബൈപാസ് പൂര്‍ണമാകാന്‍ കുറഞ്ഞത് ഇനിയും അഞ്ചുമാസമെങ്കിലും വേണ്ടിവരും. ഈവര്‍ഷം ആദ്യത്തോടെ തുറന്നുകൊടുക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ , ബൈപാസ് പാതി പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ് അധികൃതര്‍. പണിപൂര്‍ത്തിയാകുന്ന മല്ലപ്പള്ളിറോഡുമുതല്‍ മഴുവങ്ങാടുവരെയുള്ള ഭാഗം മാര്‍ച്ചില്‍ ഉദ്ഘാടനംചെയ്യാനാണ് ആലോചന. രാമന്‍ചിറ മുതല്‍– മല്ലപ്പള്ളി റോഡുവരെയുള്ള ഭാഗം രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നിര്‍മാണജോലികള്‍ ജൂണ്‍മാസത്തോടെ പൂര്‍ത്തിയാക്കും.  

അതേസമയം, ബൈപാസിന്‍റെ ഘടന അശാസ്ത്രീയമാണെന്ന ആരോപണം നിലനില്‍ക്കുകയാണ്. രണ്ടേകാല്‍ കിലോമീറ്റര്‍ ദൂരത്തില്‍ ആകെ ആറുസിഗ്നലുകളാണ് വാഹനങ്ങള്‍ താണ്ടേണ്ടത്. റയില്‍വേ സ്റ്റേഷന്‍ റോഡില്‍നിന്ന് ആരംഭിക്കുന്ന ബ്രിഡ്ജ് മഴുവങ്ങാടുവരെ നീട്ടിയിരുന്നെങ്കില്‍ പകുതി സിഗ്നലുകള്‍ കുറയ്ക്കാമായിരുന്നു. മഴുവങ്ങാട് നിര്‍മിച്ച പാലത്തിന്‍റെ വീതിയും ഘടനയും അശാസ്ത്രീയമാണെന്നും, അപകടങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന ആശങ്കയും നിലനില്‍ക്കുകയാണ്.