വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ദീര്‍ഘകാല പദ്ധതി വേണമെന്ന് മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനം. ഇരുപത് വര്‍ഷം മുന്നില്‍ക്കണ്ടുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ പൊതുമരാമത്ത് മന്ത്രി നിര്‍ദേശം നല്‍കി. അതേസമയം വിവിധ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി താല്‍ക്കാലിക പരിഹാരത്തിന് അടിയന്തിര നടപടി സ്വീകരിക്കാനും തീരുമാനമായി. വിഡിയോ റിപ്പോർട്ട് കാണാം.
സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജംഗ്ഷനിൽ മേല്‍പ്പാലമുണ്ടാക്കിയിട്ടും സ്ഥിതി ഇതാണ്. കുരുക്കഴിക്കാന്‍ ട്രാഫിക് പരിഷ്കാരങ്ങളുടെ നീണ്ടനിരതന്നെ യാത്രക്കാര്‍ കണ്ടു. എന്നിട്ടും പരിഹാരമുണ്ടാകാതെ വന്നതോടെ പുതിയ പാലത്തിനുകീഴിലെ ട്രാഫിക് ഐലന്‍ഡുകളുടെ രൂപമാറ്റം, പുതിയ സിഗ്നലുകള്‍, റോഡിലെ വരകള്‍ എന്നിങ്ങനെ താല്‍ക്കാലിക പരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ പൊതുമരാമത്ത് എന്‍ജിനീയര്‍മാര്‍ തയാറാക്കി തലസ്ഥാനത്തേക്ക് അയച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ നടപടിയുണ്ടായിട്ടില്ല. ഇതിനിടെയാണ് പ്രശ്ന പരിഹാരത്തിന് പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.
ഇരുപത് വര്‍ഷത്തെ ഗതാഗത വര്‍ധന കണക്കിലെടുത്ത് വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സ്ഥലമേറ്റെടുത്ത് റോഡ് വികസനം ആവശ്യമെങ്കില്‍ അതിനുള്ള നടപടിയും തുടങ്ങണം. ദേശീയപാതാ അതോറിറ്റി, ട്രാഫിക്, പൊതുമരാമത്ത് വകുപ്പുകള്‍ സംയുക്തമായി സ്ഥല പരിശോധന നടത്തി താല്‍ക്കാലിക പരിഹാരമുണ്ടാക്കണം. 2019 ല്‍ പൊതുമരാമത്ത് ദേശീയപാതാ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരിഗണിക്കും. ഹൈബി ഈഡന്‍ എംപി, പി.ടി.തോമസ് എംഎല്‍എ, കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, ജില്ലാ കലക്ടര്‍ എസ്.സുഹാസ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.