അപ്രോച്ച് റോഡ് ഇടിഞ്ഞതിനാല്‍ തൃശൂര്‍ ആറ്റപ്പിള്ളി പാലത്തില്‍ ഭാരപരിശോധന നടത്തി. പാലത്തിനു സമീപം ഗര്‍ത്തം രൂപപ്പെട്ടതോടെ ഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു. മറ്റത്തൂര്‍-വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് ആറ്റപ്പിള്ളി. കുറുമാലി പുഴയ്ക്കു കുറുകെയാണ് പാലം. അപ്രോച്ച് റോഡിലാണ് ഗര്‍ത്തം രൂപപ്പെട്ടത്.

അപ്രോച്ച് റോഡ് ബലപ്പെടുത്താതെ ഗതാഗതം പുനരാരംഭിക്കാന്‍ കഴിയില്ല. കെ.കെ.രാമചന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റുമാര്‍ പാലം സന്ദര്‍ശിച്ചിരുന്നു. കേരള എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിയാണ് ബലക്ഷയ പരിശോധന നടത്തിയത്. രണ്ടു ലോറികളില്‍ മണല്‍ നിറച്ച ശേഷം ഭാരം ഇറക്കിയും കയറ്റിയുമാണ് പരിശോധന നടത്തിയത്. റിപ്പോര്‍ട്ട് 31ന് സമര്‍പ്പിക്കുമെന്ന് കെ.ഇ.ആര്‍.ഐ. ഡയറക്ടര്‍ പറഞ്ഞു.

റിപ്പോർട്ട് വന്ന ശേഷം അപ്രോച്ച് റോഡിന്റെ സ്ഥിതിഗതികൾ വിലയിരുത്തും. ഇതിനു ശേഷം മാത്രമേ ഗതാഗതം പുനരാരംഭിക്കൂ. പാലത്തിന്റെ തൂണുകള്‍ ബലപ്പെടുത്തണോയെന്ന് റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും തീരുമാനിക്കുക.