TAGS

റോറോ ജങ്കാറുകളില്‍ ഒന്ന് തകരാറിലായതോടെ വൈപ്പിന്‍ ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ യാത്രാക്ലേശം രൂക്ഷം. റോറോ സര്‍വീസുകള്‍ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പസഞ്ചേഴ്സ് അസോസേയഷന്റെ ആഭിമുഖ്യത്തില്‍ അഴിമുഖത്ത് ജലശയനം നടത്തി പ്രതിഷേധം.  പത്തു കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചെങ്കിലും ഈ റൂട്ടില്‍ മൂന്നാമൊതൊരു ജങ്കാര്‍ എന്നെത്തുമെന്ന് ഇപ്പോഴും ഉറപ്പില്ല .

യാത്രക്കാരുടെ ദുരിത‌ം ചെറുതല്ല . അതിനാല്‍ പ്രതിഷേധവും കനത്തു. പാസഞ്ചേഴ്സ് അസോസിയഷന്‍ അംഗം ജലാലിന്റെ ജലശയനത്തിന് പിന്തുണയുമായി രാവിലത്തെ യാത്രക്കാരെല്ലാം ഒത്തുകൂടി. ദിവസവും 2000 വാഹനങ്ങളും 4000ലേറെ യാത്രക്കാരും  മറുകരതാണ്ടാന്‍ ആശ്രയിക്കുന്നത് ഈ റോറോ സര്‍വീസുകളെ തന്നെ. ഒരാഴ്ച മുമ്പാണ് രണ്ട് ജങ്കാറുകളിലൊന്ന് തകരാറിലായത്. അതോടെ സര്‍വീസുകളും പകുതിയായി.

യാത്രാക്ലേശം പരിഹരിക്കാന്‍ വൈപ്പിനില്‍ നിന്ന് ഗോശ്രി ജംഗ്ഷനിലേക്ക് ബോട്ട് സര്‍വീസ് അനുവദിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു. വാഹനങ്ങളും യാത്രക്കാരും വര്‍ധിച്ചതോടെയാണ്  ഈ റൂട്ടില്‍ മൂന്നാമതൊരു റോറോ സര്‍വീസിനുകൂടി പദ്ധതി തയ്യാറാക്കിയത് .ഇതിനായി പത്തുകോടി സര്‍ക്കാര്‍ അനുവദിച്ചെങ്കിലും ജങ്കാര്‍ ഇനിയും ലഭ്യമായിട്ടില്ല.