കൊച്ചിയില്‍ ഗാര്‍ഹിക ബയോമെഡിക്കല്‍ മാലിന്യ സംസ്കരണത്തിനായി അവതരിപ്പിച്ച ആക്രി ആപ്പുവഴി പ്രതിദിനം ശേഖരിക്കുന്നത് ഒരു ടണ്‍ മാലിന്യം. പുതുക്കിയ മാനദണ്ഡപ്രകാരം സാനിറ്ററി നാപ്കിന്‍ അടക്കമുള്ള ബയോമെഡിക്കല്‍ മാലിന്യം ശേഖരിക്കുന്നത് നഗരസഭ നിര്‍ത്തിയതോടെയാണ് ആക്രി ആപ് അവതരിപ്പിച്ചത്.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആക്രി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സ്ഥലവും പേര് വിവരങ്ങളും നല്‍കുക. നിശ്ചിത സമയത്തിനുള്ളില്‍ ആക്രി ആപ്പിന്‍റെ സേവനം ലഭ്യമായിരിക്കും. കൂടാതെ ആപ്പിന്‍റെ ടോള്‍ ഫ്രീ നമ്പറിലും അറിയിക്കാം. ആക്രി ആപിന്റെ ഉടമകളായ സ്വകാര്യ ഏജന്‍സി വീടുകളില്‍ നേരിട്ടെത്തി ബയോമാലിന്യങ്ങള്‍ ശേഖരിക്കും. കൃത്യമായി വേര്‍തിരിച്ച് കവറുകളിലാക്കിയ മാലിന്യത്തിന് കിലോയ്ക്ക് നാല്‍പത്തിയഞ്ച് രൂപയാണ് ഈടാക്കുന്നത്. ഈ തുക ഓണ്‍ലൈനായോ പണമായോ അടക്കാം. ഗാര്‍ഹിക ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ക്കൊപ്പം തള്ളുകയായിരുന്നു പതിവ്. എന്നാല്‍ കോര്‍പറേഷന്‍റെ നിര്‍ദേശപ്രകാരം ഹരിതകര്‍മ സേന ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തിയതോടെയാണ് ആപ് കോര്‍പ്പറേഷനുമായി ധാരണയിലെത്തുന്നത്.
ആക്രി ആപ് വന്നതില്‍ ആശ്വസിക്കുന്നവരാണ് കൊച്ചിക്കാരില്‍ ഏറെയും. ദിവസേനയുണ്ടാകുന്ന മാലിന്യങ്ങള്‍ അതത് ദിവസങ്ങളില്‍ തന്നെ ശേഖരിച്ച് കേരള എന്‍വയ്റോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്‍റെ അമ്പലമേട്ടിലെ സംസ്കരണ ശാലയിലെത്തിച്ച് പൂര്‍ണമായും സംസ്കരിക്കും.
In Kochi, one ton of waste is collected every day through the Akri app introduced for household biomedical waste management