TAGS

പാലായുടെ മുഖമായ ജൂബിലി കുരിശുപള്ളിയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിർമാണം പൂർത്തീകരിച്ച് അരനൂറ്റാണ്ട് പിന്നിടുമ്പോൾ ആദ്യമായാണ് മുഖംമിനുക്കൽ ജോലികൾ നടത്തുന്നത്. 50 ലക്ഷത്തോളം രൂപ  ചെലവിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ.

1955ൽ നിർമാണം ആരംഭിച്ച് 77 ൽ പൂർത്തീകരിച്ച ജൂബിലി കപ്പേളയിൽ ഇതാദ്യമായാണ് നവീകരണജോലികൾ നടത്തുന്നത്. പതിറ്റാണ്ടുകളായി മഴയും വെയിലുമേറ്റും പായൽ പിടിച്ചും നിറംമാറിയ കരിങ്കൽ ഭിത്തികൾ പഴയ ചാരുതയിലേയ്ക്ക് എത്തിക്കുകയാണ് പ്രധാനജോലി. ഏറ്റവും മുകളിലുള്ള ക്രിസ്‌തുവിൻ്റെ രൂപം മുതൽ താഴേയ്ക്ക്  കഴുകിതുടങ്ങി. നിലവിൽ കറുത്തിരുണ്ട ജൂബിലി കപ്പേള, പണികൾ പൂർത്തിയാകുന്നതോടെ പഴയ പ്രതാപത്തിലേയ്ക്ക് തിരികെയെത്തും. 

ചോർച്ച പരിഹരിക്കുക, മിന്നൽ രക്ഷാചാലകം ശക്തിപ്പെടുത്തുക, ജനലുകളുടെ കേടുപാടുകൾ, വൈദ്യുതി സംവിധാന നവീകരണം എന്നിവയും നടപ്പാക്കും. കുരിശുപള്ളിയുടെ മനോഹാരിതയ്ക്ക് കോട്ടംവരാത്ത രീതിയിൽ പുനരുദ്ധാരണജോലികൾ പൂർത്തിയാക്കുമെന്ന് നിർമാണ കമ്മിറ്റി അറിയിച്ചു.പണികൾ പൂർത്തീകരിക്കാൻ ഒരു മാസത്തോളം വേണ്ടിവരും. പാലാ കുരിശുപള്ളിയുടെ പുതിയ മുഖത്തിനായുള്ള കാത്തിരിപ്പിലാണ്  പാലാക്കാർ. 

pala town kurisupally rennovation