panchalimedu-idukki

ഇടുക്കിയിലെ പ്രാധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ പാഞ്ചാലിമേട്ടിൽ നടത്തിവന്നിരുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് വനംവകുപ്പിന്‍റെ വിലക്ക്. നിർമാണപ്രവർത്തനം നടത്തുന്ന ഭൂമിയുടെ ഒരു ഭാഗം വനംവകുപ്പിന്റെയാണെന്ന് അവകാശവാദം. നടപടിക്കെതിരെ ഇടുക്കി ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ് വനം മന്ത്രിക്ക് പരാതി നൽകി. 

സഞ്ചാരികൾക്കായി ബോട്ടിങ്, പൂന്തോട്ടം, പാഞ്ചാലിക്കുളം നവീകരണം തുടങ്ങിയ നിർമാണ പ്രവർത്തനങ്ങൾക്കാണ് ടൂറിസം വകുപ്പ് മൂന്നേകാൽ കോടി രൂപ അനുവദിച്ചത്. റവന്യുവകുപ്പ് ടൂറിസം വകുപ്പിന് വിട്ടുകൊടുത്ത ഭൂമിയിലാണ് നിർമാണം നടത്തിയത്. എന്നാൽ ചെക്ക് ഡാമും നടപ്പാതയും പണിയുന്ന ഭാഗം വനംവകുപ്പിന്‍റെയാണെന്നാണ് വാദം. ഭൂമിയിൽ ജണ്ട സ്ഥാപിക്കാനുള്ള വനംവകുപ്പിന്‍റെ ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു. 

 

ഏഴ് വർഷം മുൻപ് പ്രദേശത്ത് പ്രവേശനകവാടവും, നടപ്പാതയും, കൽമണ്ഡപങ്ങളും പണിതിരുന്നു. സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതോടെയാണ് രണ്ടാം ഘട്ട നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയത്. ഇതിനിടെയാണ് വനംവകുപ്പ് തടസവുമായി എത്തിയത്. എന്നാൽ വനഭൂമിയിൽ ഉൾപ്പെട്ടതാണ് പഞ്ചാലിമേടിന്‍റെ ഒരു ഭാഗമെന്നാണ് വനംവകുപ്പിന്‍റെ നിലപാട്. വനഭൂമി കൈയ്യേറിയെന്ന് കാട്ടി ജില്ല കളക്ടർക്ക് വനംവകുപ്പ് പരാതി നൽകി