ഇടുക്കി വട്ടവടയിൽ കോടികൾ മുടക്കി നിർമിച്ച കാർഷിക വിപണന സമുച്ചയം കാടുകയറി നശിച്ചു. ശീതകാല പച്ചക്കറികൾ സംഭരിക്കാനും വിൽപ്പനയ്ക്കുമായി പണികഴിപ്പിച്ച കേന്ദ്രമാണ് ആർക്കും പ്രയോജനം ഇല്ലാതെ നശിച്ചത്.
വട്ടവടയിൽ വിളയുന്ന പച്ചക്കറികൾ ഇടനിലക്കാരില്ലാതെ സംഭരിക്കുന്നതിനും വിപണനം നടത്തുന്നതിനുമായാണ് ഊർക്കാട്ടിൽ കാർഷിക വിപണന സമുച്ചയം പണി കഴിപ്പിച്ചത്. കേരള ഹോർട്ടി കൾച്ചറൽ മിഷൻ ഇതിനായി രണ്ടു കോടി രൂപ ചെലവഴിച്ചു. വിപണനത്തിനും കാർഷിക പരിശീലനത്തിനും ഇവിടെ അവസരമൊരുക്കുമെന്ന കൃഷിവകുപ്പിന്‍റെ വാഗ്ദാനം വാക്കുകളിൽ ഒതുങ്ങി.
വിളകൾ കുന്നിൻ മുകളിലുള്ള വിപണന കേന്ദ്രത്തിൽ എത്തിക്കാൻ കൂടുതൽ തുക മുടക്കേണ്ടി വരുന്നതാണ് പ്രതിസന്ധി. ഇടനിലക്കാരുടെ ചൂഷണവും വിലയിടിവും ഇല്ലാതാക്കാൻ ഉതകുന്ന പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം.