മഞ്ഞപ്പിത്ത വ്യാപനം സ്ഥിരീകരിച്ച എറണാകുളം കളമശ്ശേരിയിലെ മൂന്ന് വാർഡുകളിൽ അതീവ ജാഗ്രത. നഗരസഭയിലെ 10,12,13 വാര്‍ഡുകളിലായി 13 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ മുപ്പതിലധികം പേര്‍ക്കാണ് രോഗ ലക്ഷണമുള്ളത്. പത്താം വാര്‍ഡില്‍ പെരിങ്ങഴയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ പത്തുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 10, 12 വാര്‍ഡുകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ.
ഗൃഹപ്രവേശന ചടങ്ങിനായി ഒത്തുകൂടിയ സ്ഥലമാണ് മഞ്ഞപ്പിത്തത്തിന്റെ രോഗവ്യാപനം എന്നാണ് നിഗമനം. പ്രദേശത്തെ കിണറിൽ നിന്നാവാം മഞ്ഞപ്പിത്ത ബാധ ഉണ്ടായത്. നഗരസഭാ പരിധിയിലെ ചില ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഉൾപ്പെടെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം പടര്‍ന്ന മേഖലകളില്‍ ക്ലോറിനേഷന്‍ നടത്തുകയും കുടിവെള്ളം പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. വിട്ടുമാറാത്ത പനി, ഛര്‍ദി, തലകറക്കം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് മിക്കവരും ആശുപത്രിയിലെത്തിയത്. പ്രതിരോധ നടപടികളുടെ ഭാഗമായി സൂപ്പര്‍ ഡ്രൈവ് ആരംഭിച്ചതായി കളമശ്ശേരി നഗരസഭാ ചെയര്‍പേഴ്സൺ സീമ കണ്ണൻ പറഞ്ഞു.
മഞ്ഞപ്പിത്ത വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞദിവസം വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.