പാലക്കാട് ചിറ്റൂരിൽ സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തിൽ പത്തിലധികം മയിലുകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി. നാട്ടുകാരായ യുവാക്കളാണ് വാഴത്തോട്ടത്തിൽ പല ഭാഗത്തായി മയിലുകളെ വീണുകിടക്കുന്ന നിലയിൽ കണ്ടത്. പത്തിലേറെ മയിലുകളുണ്ടായിരുന്നുവെന്നും, പലതിനും ജീവനുണ്ടായിരുന്നുവെന്നും, മയിലുകളുടെ വായിൽ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
കൊല്ലങ്കോട് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചെങ്കിലും പോസ്റ്റ‌്‌മോർട്ടം ചെയ്യാൻ ഡോക്‌ടർ ഇല്ലാത്തതിനാൽ അടുത്ത ദിവസം വരാമെന്നായിരുന്നു ആദ്യം അറിയിച്ചത്. കൂടുതലാളുകൾ വിളിച്ചതതോടെ വനംവകുപ്പ് അധികൃതർ രാത്രിയിൽ സ്ഥലത്തെത്തി. എന്നാൽ ഒരു മയിലിനെ പോലും കണ്ടെത്താനായില്ല. മയിലുകളെ ഉടമ തോട്ടത്തിൽ നിന്നും മാറ്റിയതാകാമെന്നു നാട്ടുകാർ ആരോപിച്ചു.
പ്രദേശത്ത് കൃഷിക്ക് വന്യജീവികളുടെ ശല്യം രൂക്ഷമായതിനാൽ കർഷകർ പലതരത്തിലുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നുണ്ട്. അതിലേതെങ്കിലുമാകാം മയിലുകൾ ചാകാനുള്ള കാരണമെന്നും സൂചനയുണ്ട്.അതേസമയം വൈകിട്ടാണ് വിവരം ലഭിച്ചതെന്നും അപ്പോൾതന്നെ സംഭവ സ്ഥലത്തേക്കു പുറപ്പെട്ടതായും കൊല്ലങ്കോട് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് രാത്രിയിൽ പരിശോധന നടത്തുന്നതിൽ പരിമിതി ഉള്ളതിനാൽ രാവിലെയെത്തി വീണ്ടും പരിശോധന നടത്തുമെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.