dengue-ekm-new

TOPICS COVERED

എറണാകുളം ജില്ലയില്‍ പകര്‍ച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനിയും പടരുന്നു. കഴിഞ്ഞമാസം ആയിരത്തി ഇരുന്നൂറിലധികം പേര്‍ക്കാണ് ബാധിച്ചത്. ഡെങ്കിപ്പനി വ്യാപനമുണ്ടായ കളമശേരി നഗരസഭയിലാണ് കൂടുതല്‍ ആശങ്ക. ജില്ലയില്‍ ഒരു ദിവസം അഞ്ഞൂറിലധികം പേര്‍ക്ക് പനി സ്ഥിരീകരിക്കുന്നുണ്ട്.  ഇതില്‍ തന്നെ ഇരുപതിലധികമാളുകള്‍ക്ക് ഡെങ്കിപ്പനി ബാധിക്കുന്നുണ്ട്

 

ഇടവിട്ടുപെയ്യുന്ന മഴയില്‍ പകര്‍ച്ചപ്പനിയ്ക്കൊപ്പം ഡെങ്കിപ്പനിയും കൂടുന്നതായാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍.  കഴിഞ്ഞ മാസം 1200 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. ജൂണ്‍ 21 മുതല്‍ 30 വരെ മാത്രം 299 പേര്‍ക്ക് പരിശോധനയിലൂടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജൂണ്‍ 26ന് 74 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

കഴിഞ്ഞ നാലു ദിവസമായി  പനി ബാധിച്ചവരുടെ എണ്ണം ആരോഗ്യവകുപ്പ് പുറത്തുവിടുന്നില്ല. ഈ കണക്കുംകൂടി വന്നാല്‍ ജില്ലയിലെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഇനിയും കൂടും. കളമശേരി, തൃക്കാക്കര, ആലുവ, വരാപ്പുഴ, തൃപ്പൂണിത്തുറ ഭാഗങ്ങളിലാണ് ഡെങ്കിപ്പനി ബാധിതര്‍ കൂടുതല്‍. കളമശേരി നഗരസഭയില്‍ സൂപ്രണ്ടിനടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ മെഡിക്കല്‍ കോളജിലെ ആരോഗ്യപ്രവര്‍ത്തകരിലും രോഗം കണ്ടെത്തി. 

മേഘവിസ്ഫോടനം മൂലമുണ്ടായ കനത്ത മഴയ്ക്കുശേഷമാണ് കളമശേരിയില്‍ ഡെങ്കിപ്പനി പടര്‍ന്നതെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. വെള്ളക്കെട്ടുണ്ടായതും വെള്ളം വീടുകളിലേക്ക് കയറിയതും കൊതുക് വളരുന്ന സാഹചര്യമുണ്ടാക്കി. ഈ ഭാഗങ്ങളില്‍ രണ്ടുനേരം ഫോഗിങ് നടത്തുണ്ടെന്ന് നഗരസഭ അറിയിച്ചു.  ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യവകുപ്പ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ENGLISH SUMMARY:

Spike in dengue fever cases in Ernakulam dist, High alert