waste-management

കൊച്ചിയില്‍ കീറാമുട്ടിയായിരുന്ന മാലിന്യ സംസ്കരണം പുത്തന്‍ മാതൃകകളുടെ കൂട്ടുപിടിച്ച് സുഗമമാക്കി കോര്‍പ്പറേഷന്‍. രവിപുരം ഡിവിഷനില്‍ സിന്തൈറ്റിന്‍റെയും കൊച്ചിന്‍ ഷിപ്യാര്‍ഡിന്‍റെയും സഹായത്തോടെ  അജൈവ മാലിന്യം ശേഖരിക്കാനും തരംതിരിക്കാനുമുള്ള പുത്തന്‍ പ്ലാന്‍റ് പ്രവര്‍ത്തനം ആരംഭിച്ചു. നാട്ടുകാരായ പതിനഞ്ച് സ്ത്രീകള്‍ക്ക് ജോലികൂടി.

 

ബ്രഹ്മപുരത്തു നിന്ന് പാഠം ഉള്‍കൊണ്ടാണ് കൊച്ചി കോര്‍പ്പറേഷന്‍ മാലിന്യമുക്ത നഗരമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്. രവിപുരത്ത് ആരംഭിച്ച ആർആർഎഫ് എന്ന റിസോഴ്സ് റിക്കവറി ഫെസിലിറ്റി കേന്ദ്രം അതിലൊന്ന് മാത്രം. വീടുകളിൽ നിന്നു വേർതിരിച്ചു ശേഖരിക്കുന്ന അജൈവ മാലിന്യം സംഭരിക്കുകയും അതു തരംതിരിക്കുകയും ചെയ്യുന്ന സംവിധാനമാണ് ആർആർഎഫ്. അജൈവ മാലിന്യത്തിൽ പുനരുപയോഗിക്കാൻ കഴിയുന്നവ വേർതിരിച്ച ശേഷം അതിനു വേണ്ടി കൈമാറും. പേപ്പർ, കുപ്പി, റബർ തുടങ്ങിയ മറ്റ് അജൈവ മാലിന്യങ്ങളും ഇവിടെ തരംതിരിച്ചു മാറ്റും. സര്‍ക്കാരിനോ കോര്‍പ്പറേഷനോ നയാപൈസ ചെലവില്ലാതെ പൂര്‍ണമായും സിഎസ്ആര്‍ ഫണ്ടില്‍ ആരംഭിച്ച പ്ലാന്‍റ് മാത്യകയാണെന്ന് മന്ത്രി എം.ബി. രാജേഷ്.

അടുത്ത മാസങ്ങളില്‍ രണ്ട് ആര്‍ആര്‍എഫ് കേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മാലിന്യ സംസ്കരണത്തില്‍ കൊച്ചി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് മേയറുടെ ആത്മവിശ്വാസം. മാലിന്യ സംസ്കരണ രംഗത്തു പ്രവർത്തിക്കുന്ന ഗ്രീൻ വേംസ് എന്ന സ്ഥാപനത്തിനാണ് രവിപുരത്തെ ആർആർഎഫിന്റെ നടത്തിപ്പു ചുമതല.