വൈപ്പിന്‍കാരുടെ യാത്രാ ദുരിതത്തിന് ഭാഗിക പരിഹാരമാകുന്നു. വൈപ്പിനില്‍ നിന്നുള്ള ബസുകള്‍ കൊച്ചി നഗരത്തിലേയ്ക്ക് നേരിട്ട് പ്രവേശിക്കാന്‍ വഴിയൊരുങ്ങുന്നു.
പ്രശ്നപരിഹാരത്തിന്‍റെ ഭാഗമായി വൈപ്പിന്‍ വഴിയുള്ള ചില സര്‍വീസുകള്‍ക്ക് നഗരപ്രവേശനത്തിന് അനുമതി നല്‍കും. ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം നടി പൗളി വല്‍സന്‍ മനോരമ ന്യൂസ് എന്‍റെ വാര്‍ത്തയിലൂടെ അവതരിപ്പിച്ചതിന് പിന്നാലെയാണ് സുപ്രധാന നടപടി.
ഗോശ്രീ പാലങ്ങള്‍ യഥാര്‍ഥ്യമായി രണ്ട് പതിറ്റാണ്ടായെങ്കിലും വൈപ്പിനില്‍ നിന്ന് കൊച്ചി നഗരത്തിലേയ്ക്ക് നേരിട്ട് ബസ് സര്‍വീസ് ഇല്ല. തന്‍റെ നാടിന്‍റെ പ്രതിസന്ധി നടി പൗളി വല്‍സന്‍ മനോരമ ന്യൂസിനായി റിപ്പോര്‍ട്ട് ചെയ്തു. കൊച്ചി നഗരത്തിലേയ്ക്ക് നേരിട്ട് ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ വൈപ്പിനില്‍ നിന്നുള്ളവര്‍ നിലവില്‍ ഹൈക്കോടതി ജങ്ഷനില്‍ ഇറങ്ങി ബസ് മാറിക്കയറണം. സമയ നഷ്ടവും ധന നഷ്ടവും നേരിടുന്ന വൈപ്പിന്‍കാരുടെ ദുരിതം പൗളി വല്‍സന്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പ്രശ്നപരിഹാരത്തിന് ഒരുങ്ങുകയാണ്.
വൈപ്പിന്‍കാരുടെ പ്രശ്നം പൂര്‍ണായി പരിഹരിക്കാന്‍ നയപരമായ തീരുമാനം സര്‍ക്കാര്‍തലത്തിലുണ്ടാകണം. ഇതിനായി ശുപാര്‍ശ ചെയ്യുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.