അര്‍ബുദരോഗിയായ പതിമൂന്നുകാരനെ ചികില്‍സിക്കാന്‍ നിവൃത്തിയില്ലാതെ ഒരു കുടുംബം. എറണാകുളം പനങ്ങാട് വാടകവീട്ടില്‍ കഴിയുന്ന താരയ്ക്കും കുടുംബത്തിനുമാണ് ഈ ദുരിതം. സുമനസ്സുകള്‍ സഹായിച്ചാല്‍ അഭയ്‍യുടെ ചികില്‍സ തുടരാനാകുമെന്ന പ്രതീക്ഷയിലാണിവര്‍.
പഠിക്കുന്ന കാലം മുതലേ താരയ്ക്ക് രോഗങ്ങളായിരുന്നു കൂട്ട്. ഇതിനിടയില്‍, അര്‍ബുദം ബാധിച്ചെങ്കിലും ഭേദമായി. സന്തോഷത്തോടെ കുടുംബജീവിതം നയിച്ച താരയും ഭര്‍ത്താവ് ഷിബിനും തളര്‍ന്നുപോയത് ഒന്‍പതാം വയസ്സില് മകന്‍ അഭയ്ക്ക് അര്‍ബുദം സ്ഥിരീകരിച്ചപ്പോഴാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബം ഇതോടെ പ്രതിസന്ധിയിലായി.
കടം വാങ്ങിയതും, നാട്ടുകാര്‍ പിരിച്ചുനല്‍കിയ തുകയും ചേര്‍ത്ത് അഭയ്‍യുടെ മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. പക്ഷേ, മൂന്നുമാസങ്ങള്‍ക്ക് മുന്‍പ് പരിശോധന നടത്തിയപ്പോള്‍ മാറ്റിവെച്ച മജ്ജയില്‍ അണുബാധ കണ്ടെത്തി. അടുത്ത ഘട്ട ചികില്‍സയ്ക്കായി 50 ലക്ഷത്തിലധികം രൂപ വേണം. പക്ഷേ, അതെങ്ങനെ കണ്ടെത്തുമെന്ന് കുടുംബത്തിനറിയില്ല.
സ്കൂളില്‍ പോകാന്‍ സാധിക്കാത്തതിനാല്‍, വീട്ടിലിരുന്നാണ് അഭയ്‍യുടെ പഠനം. വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തിന് ഇതിനോടകം ലക്ഷങ്ങളുടെ ബാധ്യതയുണ്ട്. ടാക്സി ഡ്രൈവറായ ഷിബിന്‍റെ വരുമാനം മാത്രമാണ് ആശ്രയം. നാട്ടുകാര്‍ സഹായിച്ചാല്‍, അഭയ്‍യുടെ ചികില്‍സ പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷ കുടുംബത്തിനുണ്ട്.