വഖഫ് ഭൂമി പ്രശ്നത്തിൽ ശാശ്വതമായ പരിഹാരം മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടും നിരാഹാര സമരം തുടർന്ന് മുനമ്പം നിവാസികൾ. സമരം നിർത്തണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം തള്ളിയ നാട്ടുകാർ 43ആം ദിവസവും സമരത്തിലാണ്. ചുരുങ്ങിയ സമയംകൊണ്ട് പ്രശ്നപരിഹാരം ഉണ്ടാകണമെന്ന കടുത്ത നിലപാടിൽ തന്നെയാണ് സമരസമിതി. ഇന്ന് വൈകിട്ട് 5 മണിക്ക് വഖഫ് ബോർഡിന്റെ കോലം കടലിൽ കെട്ടിത്താഴ്ത്തി പ്രതിഷേധിക്കും. 

 ഉന്നതല യോഗത്തിലും പിന്നീട് ഓൺലൈൻ യോഗത്തിലും മൂന്നു മാസത്തിനകം പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും സമരസമിതിയുടെ നോട്ടത്തിൽ അത് വലിയൊരു കാലയളവാണ്. ആധാരം അടക്കമുള്ള രേഖകൾ ഇനി ആദ്യം മുതൽ പരിശോധിക്കുന്നതിനോട് സമരസമിതിക്ക് യോജിപ്പുമില്ല.സർക്കാർ പറഞ്ഞ മൂന്നുമാസത്തേക്കാൾ സമയം നീളാനുള്ള സാധ്യതയാണ് അതിനു കാരണം. ജുഡീഷ്യൽ കമ്മീഷന്റെ ചുമതലയുള്ള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ തന്നെ ഇക്കാര്യം സർക്കാരിനെ ബോധിപ്പിച്ചതുമാണ്. അതിനാൽ സർക്കാറിന്റെ കൈവശമുള്ള റവന്യൂ രേഖകൾ പരിശോധിച്ചു ഉറപ്പിക്കുന്നതിലാണ് മുനമ്പം നിവാസികൾക്ക് കൂടുതൽ താല്പര്യം. ചുരുക്കിപ്പറഞ്ഞാൽ, ഈ വർഷം അവസാനിക്കുന്നതിനു മുൻപേ പരിഹാരം ഉണ്ടായാൽ അത്രയും നന്ന്. സർക്കാർ നിയമിച്ച ജുഡീഷ്യൽ കമ്മീഷനോട് സഹകരിക്കാമെന്ന് ധാരണയായെങ്കിലും നിരാഹാര സമരത്തിൽ നിന്ന് പിന്നോട്ടില്ല. 

 നിരാഹാര സമരം അവസാനിപ്പിക്കാൻ സാധിച്ചില്ലെങ്കിലും ജുഡീഷ്യൽ കമ്മീഷനോടുള്ള മുനമ്പം നിവാസികളുടെ വിയോജിപ്പ് ഇല്ലാതാക്കാൻ സർക്കാറിന് കഴിഞ്ഞു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സ്ഥിതിഗതികൾ ബോധിപ്പിക്കാനുള്ള ശ്രമവും സമരസമിതി നടത്തുന്നുണ്ട്. 

ENGLISH SUMMARY:

Residents of Munambam continued the strike despite the chief ministers assurance