കൊച്ചി നഗരത്തിലെ ഗതാഗതകുരുക്കിന്‍റെ മൂലകാരണങ്ങളിലൊന്നായ കൂറ്റന്‍ ഹംപില്‍ കുരുങ്ങി കെഎസ്ആആര്‍ടിസി ലോ ഫ്ലോര്‍ ബസ്. അംബേദ്കര്‍ സ്റ്റേഡിയത്തിന് മുന്നിലെ ഹംപില്‍ കുടുങ്ങിയ ബസ് ഒന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുരുക്കില്‍ നിന്ന് രക്ഷപ്പെട്ടത്. അശാസ്ത്രീയമായി നിര്‍മിച്ച ഹംപില്‍ കുരുങ്ങി വാഹനങ്ങള്‍ കട്ടപ്പുറത്താകുന്നത് പതിവ് കാഴ്ചയാണ്.
ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങാന്‍ കഴിയാത്തവിധം ആനവണ്ടിയെ തളക്കാന്‍ ഒരു ഹംപ് തന്നെ ധാരാളം. കൊച്ചി നഗരത്തെ പലതവണ നിശ്ചലമാക്കിയിട്ടുള്ള ഹംപ് വാഹനങ്ങളുടെ പേടിസ്വപ്നം കൂടിയാണ്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് പുറത്തിറങ്ങിയ ലോ ഫ്ലോര്‍ ബസ് ഹംപില്‍ കുടുങ്ങിയത് രാവിലെ പത്ത് മണിയോടെ.
ഹൈഡ്രോളിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഡ്രൈവര്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ബസ് കുലുങ്ങിയില്ല. ആദ്യം രണ്ട് മെക്കാനിക്കുകളെത്തി അറിയാവുന്ന അടവുകളെല്ലാം പയറ്റി. ഒടുവില്‍ ഡിപ്പോയില്‍ നിന്ന് സാക്ഷാല്‍ ആനവണ്ടിയെ തന്നെ എത്തിച്ചു.
ആനവണ്ടികളെ മാത്രമല്ല പലകൊലകൊമ്പന്‍മാരെ വീഴ്ത്തിയ വാരിക്കുഴിയാണ് ഇതെന്ന് നാട്ടുകാര്‍ പറയുന്നത്. ഹംപ് കാരണം കെഎസ്ആര്‍ടിസി ജീവനക്കാരും പൊലീസുകാരും ഒന്നരമണിക്കൂര്‍ ചക്രശ്വാസംവലിച്ചു. ഈ കഷ്ടപ്പാട് കണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ കണ്ണ് തുറക്കട്ടെ.