കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ചുള്ള പുതുവത്സര റാലി ഫോർട്ട് കൊച്ചിയിൽ നടന്നു. ഔദ്യോഗിക ദുഃഖാചരണത്തെ തുടർന്ന് മാറ്റിവെച്ച കാർണിവൽ കമ്മിറ്റിയുടെ പരിപാടികളാണ് ആണ് ഇന്നലെ നടന്നത്. ന്യൂ ഇയർ ആഘോഷങ്ങൾക്ക് അവസാനം കുറിച്ച പരിപാടി ഫോർട്ട് കൊച്ചിക്കാർ കളറാക്കി.
കലാരൂപങ്ങൾ, പ്ലോട്ടുകൾ, പ്രച്ഛന്ന വേഷങ്ങൾ. അതിമനോഹരമായ കാഴ്ചകൾ ഒരുക്കിയായിരുന്നു കാർണിവൽ റാലി. ഫോർട്ടുകൊച്ചി വെളി മൈതാനത്ത് നിന്ന് പരേഡ് ഗ്രൗണ്ടിലേക്ക് ആയിരങ്ങൾ അണിനിരന്നു. ആഘോഷങ്ങളുടെ ആരവത്തിൽ ഒന്നായി അലിഞ്ഞുചേർന്നു.
രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നതിനാൽ പുതുവത്സര ദിനത്തിൽ നടത്താനിരുന്ന പരിപാടി മാറ്റിവെക്കുകയായിരുന്നു. കാർണിവൽ കമ്മിറ്റിയുടെ പ്രധാന പരിപാടികളിൽ മറ്റൊന്നായ പപ്പാഞ്ഞിയെ കത്തിക്കൽ വേണ്ടെന്നു വച്ചിരുന്നു. പരേഡ് മൈതാനത്ത് ഒരുക്കിയിരുന്ന വിവിധ കലാപരിപാടികളോടെയാണ് പുതുവത്സരാഘോഷത്തിന് സമാപനമായത്.