മുനമ്പത്തെ ഭൂസമരത്തിന് തീവ്രത പകർന്ന് 25 കിലോ മീറ്ററിൽ അധികം നീണ്ട മനുഷ്യച്ചങ്ങല. വൈപ്പിനിൽ നിന്ന് മുനമ്പംവരെ ഇരുപത്തിയെണ്ണായിരത്തിലധികം പേർ കൈകോർത്ത സമരത്തിന് വരാപ്പുഴ, കോട്ടപ്പുറം രൂപതകൾ നേതൃത്വം നൽകി. ജുഡീഷ്യൽ കമ്മിഷൻ അടുത്ത മാസം സമർപ്പിക്കാനിരിക്കുന്ന റിപ്പോർട്ട് മുനമ്പം നിവാസികൾക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കോട്ടപ്പുറം രൂപത മെത്രാൻ അംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു.

"മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതി നടത്തുന്ന നിരാഹാര സമരം 85 ആം ദിവസത്തിലേയ്ക്ക് കടന്നു. വൈപ്പിനിൽ നിന്ന് മുനമ്പത്തേയ്ക്ക് നീണ്ട മനുഷ്യച്ചങ്ങലയുമായി പ്രതിഷേധം മറ്റൊരു ഘട്ടത്തിലേയ്ക്ക്" കൊച്ചിയുടെ കടലോരത്ത് പ്രതിഷേധത്തിര. മുനമ്പം സമരപ്പന്തലിന് സമീപത്തെ വേളാങ്കണ്ണി മാതാ പള്ളിക്ക് മുന്നിൽ നിന്ന് ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ മനുഷ്യച്ചങ്ങലയിൽ ആദ്യ കണ്ണിയായി. ജസ്റ്റിസ് സി.എൻ രാമചന്ദ്രൻനായർ ചെയർമാനായ ജുഡീഷ്യൽ കമ്മീഷൻ സമർപ്പിക്കുന്ന റിപ്പോർട്ട് മുനമ്പം ജനതയ്ക്ക് അനുകൂലമായിരിക്കുമെന്ന പ്രതീക്ഷ ബിഷപ്പ് പങ്കുവെച്ചു. 

ഫോർട്ട് വൈപിനിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്തു. മുനമ്പത്തെ ജനങ്ങളുടെ രോദനം അധികാരികൾ കാണാനായാണ് മനുഷ്യ ചങ്ങല എന്നും മുനമ്പം കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ബിഷപ്പ് പറഞ്ഞു.  എറണാകുളം - അങ്കമാലി അതിരൂപതയും കൊച്ചി രൂപതയും മനുഷ്യച്ചങ്ങലയ്ക്ക് പിന്തുണയുമായുണ്ടായിരുന്നു.  ജുഡീഷ്യൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ ഇന്നലെ മുനമ്പത്തെത്തി സമരക്കാരുൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയിരുന്നു. വഖഫ് ബോർഡ് ഒഴികെയുള്ള എല്ലാ കക്ഷികളും കമ്മീഷനെ നേരിട്ട് നിലപാട് അറിയിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A human chain spanning over 25 kilometers was formed, intensifying the land protest in Munambam.