ഇടപ്പള്ളി അരൂർ ഉയരപ്പാതയുടെ ഡി.പി.ആറിൽ മാറ്റം വരുത്താൻ ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശം. ഡി.പി.ആര്‍ കൺസൽറ്റന്‍റായ ഹൈവേ എൻജിനിയറിങ് കൺസ്റ്റന്‍റ് ലിമിറ്റഡിന് ഒരുമാസത്തെ സമയമാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. പാലാരിവട്ടം ബൈപാസ് ജംങ്ഷനിൽ ദേശീയ പാതയ്ക്ക് കുറുകെ മെട്രോ ലൈൻ കടന്നു പോകുന്നത് കണക്കിലെടുത്താണ് ഭേദഗതി.
ഡി.പി.ആർ. തയാറാകുന്നത് സംബന്ധിച്ചു കഴിഞ്ഞ മാസം ഹൈബി ഈഡൻ എം.പി ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവിനു നിവേദനം നൽകിയിരുന്നു. പാർലമെന്‍റില്‍ ഇക്കാര്യം ഹൈബി ഉന്നയിക്കുകയും ചെയ്തു. ഇതിന്‍റെയൊക്കെ അടിസ്ഥാനത്തിലാണ് മാറ്റം.
പാലാരിവട്ടം മേൽപാലത്തിനു കുറുകെയാണു മെട്രോ ലൈൻ കടന്നുപോകുന്നത്. നിലവിലെ ഡി.പി.ആർ പാലാരിവട്ടം ജംങ്ഷന്‍റെ ദീർഘകാല വികസനം മുന്നിൽ കാണുന്നതിൽ അപര്യാപ്തമാണ്. വയഡക്റ്റ് ക്രോസ് ഓവറിനുള്ള സൗകര്യം നൽകാൻ എൻ.എച്ച്.എ.ഐ കൺസൽറ്റന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുണ്ടന്നൂരിലും വൈറ്റിലയിലും സമാന്തര നിർമാണമാണ് അലൈൻമെന്‍റ് നിർദേശിക്കുന്നതെങ്കിലും പാലാരിവട്ടം ബൈപാസ് ജംക്ഷനിൽ കുറച്ചുകൂടി മികച്ച ഡിസൈൻ വേണം. ഇടപ്പള്ളി- അരൂർ ഉയരപ്പാത ഉടൻ പൂർത്തിയാക്കുകയാണു ലക്ഷ്യമെന്നു ദേശീയപാത അതോറിറ്റി ഹൈബി ഈഡനെ അറിയിച്ചിട്ടുണ്ട്. 3,600 കോടി രൂപയാണ് ചെലവു കണക്കാക്കുന്നത്.