കൊതുകിനെ കീഴടക്കാന്‍ ഈ വര്‍ഷം കൊച്ചി കോര്‍പ്പറേഷന്‍ ചെലവഴിക്കുക 12 കോടി രൂപ. കൊച്ചിയെ അതിദരിദ്രരില്ലാത്ത ആദ്യ ഇന്ത്യന്‍ നഗരമാക്കുമെന്ന പ്രഖ്യാപനവുമായി കോര്‍പ്പറേഷന്‍ ബജറ്റ് അവതരിപ്പിച്ചു. ലഹരിക്കെതിരായ നടപടികളും ബജറ്റിലുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏറെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇടംപിടിച്ചു
വാടക വീടുകളില്‍ കഴിയുന്ന അതിദരിദ്രരായവരെ പുനരധിവസിപ്പിക്കാന്‍ വൈറ്റിലയില്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കും. അതിദരിദ്രരില്ലാത്ത കൊച്ചി പദ്ധതിക്കായി 10 കോടി രൂപയും ഭവനരഹിതരില്ലാത്ത കൊച്ചി പദ്ധതിക്കായി 20 കോടി രൂപയും ചെലവഴിക്കും. തിരിച്ചറിയല്‍ കാര്‍ഡുള്ള എല്ലാ കുടുംബങ്ങള്‍ക്കും പട്ടയം നല്‍കും. തെരുവുകളില്‍ അന്തിയുറങ്ങുന്ന അതിഥി തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് നൈറ്റ് ഷെല്‍ട്ടര്‍ ഒരുക്കും.
നഗരജനസംഖ്യയെ മുഴുവന്‍ ഉള്‍പ്പെടുത്തി അപകട മരണ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. നഗരത്തിലെ തൊഴിലാളികള്‍ക്ക് ചികില്‍സാ സഹായത്തിന് രണ്ട് കോടി രൂപ ചെലവഴിക്കും. ലഹരി മരുന്ന് ഉപയോഗവും വ്യാപനവും തടയാന്‍ ജാഗ്രത സമിതികളും ഒബ്സര്‍വേഷന്‍ സെന്‍ററുകളും തുടങ്ങും. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപ മാറ്റിവച്ചു.
ഷീ ലോഞ്ചും കോ–വര്‍ക്കിങ് സ്പേസുകളും ആരംഭിക്കും, കുടുംബശ്രീ ഫെസ്റ്റിവല്‍ സംഘടിപ്പിക്കും, സംരംഭകത്വ കൗണ്‍സില്‍ രൂപീകരിക്കും, കൊച്ചിക്കായി സ്റ്റാര്‍ട്ട് അപ് പോളിസി തയ്യാറാക്കും, ജെന്‍ഡര്‍ പോളിസി ലാബ്, ജോബ് ഫെസ്റ്റ് സംഘടിപ്പിക്കും, കൊച്ചിക്ക് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് പ്ലാന്‍ തയ്യാറാക്കും, ഇടപ്പള്ളിയില്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍, ഇടക്കൊച്ചിയിലും പള്ളുരുത്തിയിലും മിനി സ്റ്റേഡിയങ്ങള്‍, പെരുമ്പടപ്പിലും പള്ളുരുത്തിയിലും ഇടക്കൊച്ചിയിലും പുതിയ ബസ് സ്റ്റാന്‍ഡുകള്‍, പള്ളുരുത്തി വാക്ക് വേ, നഗരത്തിന് മൂന്നാമത്തെ റോറ റോ, കച്ചേരിപ്പടിയില്‍ സാംസ്ക്കാരിക സമുച്ചയം നിര്‍മിക്കും, എം.കെ അര്‍ജുനന്‍ മാസ്റ്ററുടെയും ഉമ്പായിയുടെയും സ്മരണയ്ക്ക് സാംസ്ക്കരിക കേന്ദ്രങ്ങള്‍ തുടങ്ങും എന്നീ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.