ഇടുക്കിയിലെ ഒരു കൊച്ചുമിടുക്കിയെ കുറിച്ചാണിനി. രണ്ടാംക്ലാസിൽ പഠിക്കുമ്പോൾത്തന്നെ ആദ്യ കഥാസമാഹാരം പുറത്തിറക്കിയ ഇവാന സതീഷ്. ഇടുക്കി ന്യൂമാൻ എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ കൊച്ചുമിടുക്കി.
കുഞ്ഞനുജനൊപ്പം കളിച്ചുനടക്കേണ്ട പ്രായത്തിലാണ് കുറച്ച് ഗൗരമായിത്തന്നെ ഇവാന ഇങ്ങിനെ അക്ഷരങ്ങൾ പോറിയിടുന്നത്. അറിയാതെ സംഭവിച്ചതെന്ന ആദ്യകഥയുടെ പേരു പോലെത്തന്നെയാണ് ഓരോ എഴുത്തുകളും. സ്നേഹവും കരുതലും വരികളിൽ ഇഴചേർന്നപ്പോൾ അത് തേനിനേക്കാൾ മാധുര്യമുളള പുസ്തകമായി.. തേൻതുളളിയെന്ന് പേര്.
നോട്ട്ബുക്കിൽ കുറിച്ചിട്ട വരികൾ കണ്ടെടുത്തത് ഇവാനയുടെ അധ്യാപകർ. പിന്നെയാണ് രക്ഷിതാക്കളറിയുന്നത്. ഇവാനയ്ക്ക് പിന്തുണയുമായി അച്ഛൻ സതീഷും അമ്മ അനീറ്റയും ഒപ്പമുണ്ട്. എഴുത്തിനെ ഇനിയും ഗൗരവമായി കാണമെന്നാണ് കുഞ്ഞ് ഇവാനയുടെ ആഗ്രഹം.