ഇടുക്കി കമ്പംമെട്ടിലെ കേരള തമിഴ്നാട് അതിർത്തിയിൽ ലൈഫ് മിഷൻ വീട് അനുവദിച്ച ഭൂമിക്ക് അവകാശവാദവുമായി തമിഴ്നാട് വനംവകുപ്പ്. കമ്പംമെട്ട് സ്വദേശി വാഴക്കാലയിൽ സുരേന്ദ്രന്റെ ഭൂമിക്കാണ് അവകാശവാദം ഉന്നയിച്ചത്. റവന്യൂ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ ഭൂമി കേരളത്തിന്റെതാണെന്ന് കണ്ടെത്തി.
നാലുവർഷം മുമ്പ് സുരേന്ദ്രന്റെ ഭാര്യ അച്ചാമ്മയുടെ പേരിൽ ലൈഫ്മിഷൻ പദ്ധതി പ്രകാരം നിർമ്മിച്ച വീടാണിത്. ഇരുപത് വർഷം മുൻപ് കമ്പംമെട്ട് സ്വദേശിയിൽ നിന്നാണ് സുരേന്ദ്രൻ ഭൂമി വാങ്ങിയത്. ഭൂമി തമിഴ്നാടിന്റെ ആണെന്നും വീട്ടിൽ നിന്ന് ഒഴിഞ്ഞുമാറണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം വനംവകുപ്പ് സംഘം സുരേന്ദ്രനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു
തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കടന്നുകയറ്റം അംഗീകരിക്കില്ലെന്ന് സ്ഥലം സന്ദർശിച്ച സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് വ്യക്തമാക്കി. ഭൂമിയിൽ സർവ്വേ നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകി. തമിഴ്നാട് വനം വകുപ്പുദ്യോഗസ്ഥർ മേഖലയിലെത്തി വീണ്ടും ഭീഷണിപ്പെടുത്തുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം