ഇടുക്കി ചൊക്രമുടിയിലെ മുഴുവൻ അനധികൃത നിർമ്മാണങ്ങളും പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിക്കും. കയ്യേറ്റ ഭൂമിയിൽ ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നു. പരിശോധനയിൽ പങ്കെടുത്ത വകുപ്പുകൾ സബ് കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.
ചൊക്രമുടിയിലെ അനധികൃത നിർമ്മാണങ്ങളിൽ പ്രത്യേക അന്വേഷണസംഘം നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി വനം, റവന്യൂ, മൈനിങ് ആൻഡ് ജിയോളജി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഭൂമി പരിശോധിച്ചു. വകുപ്പുതലത്തിൽ വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ദേവികുളം സബ് കലക്ടർ പറഞ്ഞു.
ചൊക്രമുടിയിൽ നടന്ന നിയമലംഘനങ്ങള്‍, പാരിസ്ഥിതിക ആഘാതം, ജൈവവൈവിധ്യത്തിനുണ്ടായ നാശം എന്നിവയാണ് പരിശോധിച്ചത്. വിവാദ ഭൂമിയിലെ പട്ടയം വിശദമായി പരിശോധിക്കും. വിവിധ വകുപ്പുകൾ നൽകുന്ന റിപ്പോർട്ടുകൾ ക്രോഡീകരിച്ച് ഉടൻ ജില്ലാ കലക്ടർക്ക് അന്തിമ വിവരം സമർപ്പിക്കാനാണ് തീരുമാനം.