ഇടുക്കി മുള്ളരിങ്ങാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ തുരത്താനുള്ള ദൗത്യം പുരോഗമിക്കുന്നു. വ്യാപകമായി കൃഷി നശിപ്പിച്ച ആറ് ആനകളെയാണ് തുരത്തുന്നത്. വനം വകുപ്പിന്റെയും നാട്ടുകാരുടെയും സംയുക്ത സഹകരണത്തോടെയാണ് ആനകളെ തുരത്തുന്നത്.
മൂന്നുവർഷമായി ലക്ഷങ്ങളുടെ കൃഷിനാശമാണ് കാട്ടാനകൾ മുള്ളരിങ്ങാട്, ചുള്ളിക്കണ്ടം, പാച്ചേറ്റി, , കടവൂർ, പുന്നമറ്റം മുതലായ ജനവാസമേഖലകളിലുണ്ടാക്കിയത്. റോഡിൽ ആനകൾ തമ്പടിക്കുന്നത് പതിവായതോടെ വിദ്യാർഥികളടക്കം ദുരിതത്തിലായി. നാട്ടുകാരുടെ കാലങ്ങളായുള്ള പരാതി പരിഗണിച്ചാണ് വനം വകുപ്പ് കാട്ടാനകളെ തുരത്താൻ പദ്ധതി തയ്യാറാക്കിയത്
പതിനഞ്ച് പേരടങ്ങുന്ന നാല് സംഘങ്ങളായി തിരിഞ്ഞാണ് ദൗത്യം . ആനകളെ കോതമംഗലം റേഞ്ചിൽ നിന്നും നേര്യമംഗലം വനമേഖലയിലേക്ക് തുരത്താനാണ് ശ്രമം. തുരത്തുന്ന കാട്ടാനകൾ തിരിച്ചെത്താതിരിക്കാൻ വനംവകുപ്പ് നിർമ്മിച്ച സൗരോർജവേലി ഉടൻ ചാർജ് ചെയ്യും.