ഇടുക്കി കല്ലാർകുട്ടി ഡാം അറ്റകുറ്റ പണികൾക്കായി തുറന്നതോടെ എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിൽ ചെളിവെള്ളം ഒഴുകിയെത്തി കുടിവെള്ള വിതരണം പ്രതിസന്ധിയിലായി. നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ ഭൂതത്താൻകെട്ട് ജലവിതരണ അതോറിറ്റി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രമം ആരംഭിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് ഇടുക്കി കല്ലാർകുട്ടി ഡാം അറ്റകുറ്റപ്പണികൾക്കായി തുറന്നത്. കാലങ്ങളായി തകരാറിലായ സ്ലൂയിസ് വാൽവിന്‍റെ പ്രവർത്തനം ശരിയാക്കുന്നതിനായാണ് ഡാമിലെ ജലം പൂർണ്ണമായും തുറന്നുവിട്ടത്. പതിനൊന്ന് ദിവസങ്ങളാണ് അറ്റകുറ്റപ്പണികൾ നടക്കുക. എന്നാൽ ഡാമിലെ ജലം കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കുട്ടമ്പുഴ, കീഴാമ്പറ, പിണ്ടിമന, കവളങ്ങാട് പഞ്ചായത്തുകളിലെ ജനങ്ങൾ ഇതോടെ പ്രതിസന്ധിയിലായി. കുടിവെള്ളത്തിനായി ബദൽ മാർഗം കാണാതെ ഡാമിലെ ജലം തുറന്നു വിട്ടതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
ഭൂതത്താൻകെട്ട് ഡാമിന്‍റെ ഷട്ടറുകൾ അടച്ചു ചെളിവെള്ളം പൂർണ്ണമായും തടഞ്ഞ് പഞ്ചായത്തുകളിൽ ജലവിതരണം സുഗമമാക്കനാണ് ജല അതോറിറ്റിയുടെ തീരുമാനം. എത്രയും പെട്ടെന്ന് ജലവിതരണം സുഗമാമക്കിയില്ലെങ്കിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. മഴയില്ലാത്ത സമയത്ത് ഡാമിലെ വെള്ളം പൂർണ്ണമായും തുറന്നു വിട്ടതിലും പ്രതിഷേധമുയരുന്നുണ്ട്