ഓക്സിജൻ പ്ലാന്‍റ് പണിത് രണ്ടുവർഷം പിന്നിട്ടിട്ടും പ്രവർത്തനക്ഷമമാക്കാൻ സാധിക്കാതെ ഇടുക്കി മെഡിക്കൽ കോളജ്. പ്ലാന്റിലേക്ക് ലിക്വിഡ് എത്തിക്കാൻ റോഡില്ലാത്തതാണ് പ്രതിസന്ധിയാവുന്നത്.
ഇടുക്കി മെഡിക്കൽ കോളജിലെ പുതിയ ബ്ലോക്കിനോട് ചേർന്ന് രണ്ടുവർഷം മുൻപാണ് 10000 ലിറ്റർ സംഭരണശേഷിയുള്ള ഓക്സിജൻ പ്ലാന്റ് നിർമ്മാണം പൂർത്തികരിച്ചത്. എന്നാൽ റോഡില്ലാത്തതിനാൽ ഇതുവരെ പ്ലാന്റിലേക്ക് ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള ലിക്വിഡ് എത്തിക്കാൻ സാധിച്ചിട്ടില്ല. ഇതോടെ 60 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പ്ലാന്റ് കാട് കയറി നശിച്ചു.
ഏഴ് മാസത്തിനകം പ്ലാന്റിൽ ഓക്സിജൻ നിറച്ചില്ലെങ്കിൽ കരാർ കമ്പനിയുമായുള്ള കാലാവധി അവസാനിക്കും. അടിയന്തരമായി പ്ലാന്റിൽ ലിക്വിഡ് നിറച്ച് ഓക്സിജൻ ഉൽപാദനം തുടങ്ങിയില്ലെങ്കിൽ ലഭിച്ച അംഗീകാരം നഷ്ടമാകുമെന്നറിയിച്ച് ഇവർ മെഡിക്കൽ കോളജ് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. മെഡിക്കൽ കോളജിനുള്ളിലെ റോഡുകളുടെ നിർമ്മാണത്തിന് മാസങ്ങൾക്കു മുൻപ് 16 കോടി രൂപ അനുവദിച്ചിട്ടും പണി ഇഴഞ്ഞു നീങ്ങുകയാണ്.