മൂന്നാർ കല്ലാർ മാലിന്യ സംസ്കരണ പ്ലാന്റിൽ പതിവായി കാട്ടാനകളിറങ്ങുന്നതിന്‍റെ ആശങ്കയിലാണ് തൊഴിലാളികൾ. വന്യജീവികളെ തടയാൻ സുരക്ഷയൊരുക്കണമെന്ന തൊഴിലാളികളുടെ കാലങ്ങളായുള്ള ആവശ്യം ഇതുവരെ നടപ്പാക്കിയിട്ടില്ല.
വേനൽ കനത്തതോടെ കല്ലാർ മാലിന്യ സംസ്കരണ പ്ലാന്റിലെ പതിവ് കാഴ്ചയാണിത്. മാലിന്യം ഭക്ഷിക്കാനെത്തുന്ന കാട്ടാനകളും കാട്ടുപോത്തും പ്ലാന്റിൽ തമ്പടിക്കുന്നതിന്റെ ഭീതിയിലാണ് തൊഴിലാളികൾ. കഴിഞ്ഞവർഷം പ്ലാന്റിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിയായ അളകമ്മക്ക് ഗുരുതര പരുക്കേറ്റിരുന്നു. ഇത് വിവാദമായതോടെ പ്ലാന്റിൽ നിന്ന് യുദ്ധകാലടിസ്ഥാനത്തിൽ മാലിന്യം നീക്കം ചെയ്തിരുന്നു. എന്നാൽ വീണ്ടും മാലിന്യം കുമിഞ്ഞു കൂടിയതോടെയാണ് മേഖലയിൽ വീണ്ടും വന്യജീവി ശല്യം പതിവായാത്.
ആനകളെ തുരത്താൻ വൈദ്യുതി വേലി സ്ഥാപിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം പല തവണ ചർച്ച ചെയ്തെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം ഭക്ഷിക്കുന്ന വന്യജീവികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ വരുമെന്നിരിക്കെ വനംവകുപ്പും കണ്ണടയ്ക്കുകയാണ്.