കോതമംഗലത്തു നിന്ന് മൂന്നാറിലേയ്ക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള രാജപാത തുറന്നു കൊടുക്കണമെന്ന ആവശ്യത്തിൽ സമരം കടുപ്പിച്ച് കോ ഓർഡിനേഷൻ കമ്മറ്റിയും, വിവിധ സംഘടനകളും. കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനെതിരെയടക്കം നിരവധിപ്പേർക്കെതിരെ വനം വകുപ്പ് കേസെടുത്തെങ്കിലും, ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സമരസമിതിയും നാട്ടുകാരും. വ്യാപാര ആവശ്യങ്ങൾക്കായി ബിസി 300നും 250നും ഇടയിൽ നടപ്പാതയായി തുടങ്ങിയ ഈ വഴി ഗതാഗതത്തിന് തുറന്നു കൊടുത്താൽ നവകേരളത്തിൽ അത് ഒരു നാഴികക്കല്ലാകും.
ആലുവയിൽ നിന്ന് കോതമംഗലം പിന്നിട്ട് തട്ടേക്കാടും, കുട്ടമ്പുഴയും, മണികണ്ഠൻചാലും കടന്ന് പൂയംകുട്ടിവരെ യാത്ര സുഗമമാണ്. ആനന്ദകരവും. ഇവിടെ നിലയ്ക്കുന്ന ആ യാത്രയ്ക്ക് മുന്നിൽ വനം വകുപ്പിന്‍റെ മുന്നറിയിപ്പ് ബോർഡുണ്ട്. രാജപാതയുടെ തുടക്കമാണിത്. സായിപ്പു നിർമിച്ചതാണീ പാലം.
1857ൽ ജോൺ ഡാനിയേൽ മൺറോ എന്ന ബ്രിട്ടീഷ് എൻജിനിയറാണ് റോഡ് നിർമാണത്തിന് തുടക്കമിട്ടത്.വാഹന ഗതാഗതത്തിന് പറ്റുന്ന റോഡ് ഇല്ലായിരുന്നുവെങ്കിലും, 1990വരെ ഈ വഴി ഭാഗീകമായി ഉപയോഗിച്ചിരുന്നു. വനത്തിൽ നിന്ന് ഈറ്റ വെട്ടി പുറത്തെത്തിക്കാനായിരുന്നു അത്.
1936ൽ നേര്യമംഗലം പാലം വഴി പുതിയ റോഡ് വന്നതോടെയാണ് പഴയ മൂന്നാർ റോഡ് അപ്രസക്തമായത്. പൂയംകുട്ടിയിൽ നിന്ന് പിണ്ടിമേട്, കുറത്തിക്കുടി, ചെമ്പൻകുത്തിലൂടെ പോകുന്ന വഴിയിൽ മായാക്കാഴ്ച്ചകൾ ഏറെയുണ്ട്.2010ൽ വനം വകുപ്പ് പൂർണമായി അടച്ച പാത തുറക്കാനാണ് ഈ സമരങ്ങളത്രയും.