പക്ഷിപനി സ്ഥിരീകരിച്ച വൈക്കം ഉദയനാപുരം പഞ്ചായത്തിൽ കോഴികളെ കൊന്നുതുടങ്ങി. രോഗം സ്ഥിരീകരിച്ച നേരെകടവിനടുത്തുള്ള ഫാമുകളിലെ കോഴികളെയാണ് മൃഗസംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ കൊല്ലുന്നത്. അതേസമയം നിരോധനമുണ്ടായിട്ടും വൈക്കത്തും സമീപ പഞ്ചായത്തുകളിലുമുള്ള കോഴികളുടെ കൈമാറ്റവും വിൽപനയും ആശങ്ക ഉയർത്തുകയാണ്.
ശനിയാഴ്ചയാണ് നേരെകടവ് സ്വദേശി സുഭാഷിൻ്റെ ഫാമിലെ കോഴികൾ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചത്. പല ദിവസങ്ങളിലായാണ് 800 കോഴികൾ ചത്തത്. പ്രദേശത്ത് മറ്റു പക്ഷികളും ചത്ത് വീണത് കണ്ടതോടെയാണ് പരിശോധന നടത്തിയതും പക്ഷിപനി സ്ഥിരീകരിച്ചതും. രോഗം കണ്ടെത്തിയ പ്രദേശത്ത് നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 10000 കണക്കിന് വളർത്തു പക്ഷികളെ കൊല്ലേണ്ടി വരുമെന്നാണ് കണക്ക്.ഉദയനാപുരം പഞ്ചായത്തിലെ 15, 16, 17 വാർഡുകളിൽ പക്ഷികളുടെ വിൽപ്പനയും കൈമാറ്റവും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചിട്ടുണ്ട്. വൈക്കം നഗരത്തിലും സമീപത്തെ ഒമ്പത് പഞ്ചായത്തുകളിലും ശനിയാഴ്ച വരെ നിരോധനമുണ്ടെങ്കിലും കോഴികളുടെ വിൽപനയും കൈമാറ്റവും തടയാൻ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതോടെ രോഗവ്യാപന സാധ്യത ഏറെയാണെന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും ചൂണ്ടിക്കാട്ടുന്നു.