പ്രളയത്തിൽ തകർന്ന പാലം എത്ര പറഞ്ഞ് മടുത്തിട്ടും പുനർനിർമ്മിക്കാത്ത അധികൃതർക്ക് സ്വന്തമായി പാലം നിർമ്മാണം ആരംഭിച്ച് മറുപടി കൊടുക്കുകയാണ് കോട്ടയം ജില്ലയിലെ കോരുത്തോട് മൂഴിക്കൽ നിവാസികൾ. 2018ൽ തകർന്ന തോപ്പിൽ കടവ് പാലത്തിനു വേണ്ടി വർഷങ്ങൾ കാത്തിരുന്നെങ്കിലും ഇനി ഫലം ഉണ്ടാകില്ലെന്ന് ഉറപ്പായത്തോടെയാണ് നാട്ടുകാർ തന്നെ അത്യാവശ്യ കാര്യങ്ങൾക്ക് യാത്ര ചെയ്യാനായി ചെറിയൊരു പാലത്തിന്റെ നിർമ്മാണം തുടങ്ങിയത്.
പറഞ്ഞു പറഞ്ഞു മടുത്തു. ഇനി വയ്യ.. ഒടുവിൽ സ്വന്തമായി പാലം നിർമ്മിക്കുകയാണ് കോരുത്തോട് മൂഴിക്കൽ നിവാസികൾ. ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പാലമാണ് നാട്ടുകാരുടെ ശ്രമഫലത്തിൽ ഉയരുന്നത്.. പാലം തകർന്നതോടെ ചങ്ങാടത്തിൽ ആയിരുന്നു നാട്ടുകാരുടെ യാത്ര.. മഴപെയ്തു തുടങ്ങിയാൽ പിന്നെ അത് കഴിയില്ല.. കിലോമീറ്ററുകൾ ചുറ്റിക്കറങ്ങാതെ വഴിയില്ല..പ്രളയത്തിൽ തകർന്ന കോൺക്രീറ്റ് പാലത്തിന് പകരം മുൻപ് ഇവിടെ ഉണ്ടായിരുന്ന തൂക്ക് പാലം പോലെ പുതിയത് ഒരെണ്ണത്തിൻ്റെ നിർമ്മാണമാണ് നടന്നു വരുന്നത്.
എട്ടര ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിച്ചത്. ഇതിനോടകം ആറ് ലക്ഷത്തിലധികം രൂപയുടെ നിർമാണം നടത്തിക്കഴിഞ്ഞു.. പൂർത്തിയാക്കാൻ ഇനിയും പണം കണ്ടെത്തേണ്ട സ്ഥിതിയാണ്. ജനകീയ സമിതി രൂപീകരിച്ചാണ് തൂക്ക് പാലത്തിൻ്റെ നിർമ്മാണം നടക്കുന്നത്.രീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലത്ത് കോൺക്രീറ്റ് പാലം പുനർ നിർമ്മിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും എന്ന് പാലം പണിയാൻ കഴിയുമെന്നതിൽ വ്യക്തതയില്ല