വൈക്കത്ത് കായലിലേക്ക് മറിഞ്ഞ് വീണ ബിനാലെ ശിൽപം ഇനി കായലോരബിച്ചിൽ ഉയരും. ഒരു മാസത്തിനകം നിർമ്മാണം തുടങ്ങുമെന്ന് ലളിത കലാ അക്കാദമി സെക്രട്ടറി അറിയിച്ചു. കൂറ്റൻ ശില്പം മാസങ്ങളായി വഴിയിരുകിൽ കിടക്കുന്നുവെന്ന വാർത്തകളെ തുടർന്നാണ് ലളിതകലാ അക്കാദി സെക്രട്ടറിയുടെ നേതൃത്വത്തിൽ വൈക്കത്ത് സന്ദർശനം നടത്തിയത്.
2014 ൽ കൊച്ചിയിലെ ആദ്യ ബിനാലെയിൽ ശ്രദ്ധേയമായ ശില്പം വൈക്കത്ത് പാർക്കിന് സമീപം കായലിൽ 2015 ലാണ് സ്ഥാപിച്ചത്. ടൂറിസം സാധ്യകൾ കണ്ടാണ് വച്ചതെങ്കിലും പിന്നീട് തിരിഞ്ഞ് നോക്കാനാരുമില്ലാതായി. 5 മാസം മുമ്പ് കൂറ്റൻ മണിയുടെ ഈ ശില്പം മറിഞ്ഞ് വീണു. പിന്നീട് നാല് മാസം മുമ്പ് ക്രയിൻ സഹായത്തോടെ ബീച്ചിലെ വഴിയരുകിൽ കൊണ്ടു വച്ച ശില്പം അവിടെ കിടക്കുകയാണ്. ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളികൃഷ്ണൻ ആർക്കിടെക്റ്റ് സി.പി. സുനിൽ എന്നിവരാണ് നഗരസഭയുടെ നേതൃത്തിൽ സ്ഥലത്തെത്തിയത്
ഒരു മാസത്തിനകം മണ്ണ് പരിശോധന നടത്തി നിർമ്മാണം തുടങ്ങുമെന്നാണ് അക്കാദമിയുടെ ഉറപ്പ്. ശില്പം പൂർണ്ണതയോടെ ഉയർന്നാൽ സന്ദർശകരേറിയ കായലോരബീച്ച് കൂടുതൽ ആകർഷകം ആകും. പതിമൂന്ന് അടി ഉയരത്തിലും പതിനാറ് അടി വ്യാസവുമുള്ള സുഷിരങ്ങളിട്ട ലോഹ മണിയുടെ പുറത്ത് കൂടി വെള്ളമൊഴുക്കുമ്പോൾ ആസ്വാദ്യകരമായ മുഴക്കം അനുഭവപ്പെടുന്നതായിരുന്നു ശില്പത്തിൻ്റെ സവിശേഷത.