വൈക്കം വെള്ളൂരില്‍ റോഡിലെ കുഴി സ്വന്തമായി അടച്ച് പ്രതിഷേധിച്ച് പഞ്ചായത്തംഗം. കെ.എസ്.ടി.പിയുടെ നിർമാണ ചുമതലയിലുള്ള വെള്ളൂർ റോഡിലാണ് വെള്ളൂർ പഞ്ചായത്ത് അംഗത്തിന്‍റേയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.കരാറുകാരൻ പണി നിർത്തി പോയതോടെ നാട്ടുകാരെ ദുരിതത്തിലാക്കിയ റോഡിൽ അടുത്തിടെ വീട്ടമ്മ വീണ് കാലൊടിഞ്ഞിരുന്നു.
നൂറ്റി പതിനൊന്ന് കോടി രൂപ മുടക്കി റീബിൽഡ് കേരള പദ്ധതിയിൽ തുടങ്ങിയ റോഡ് പണി കുഴിയടച്ചെങ്കിലും അവസാനിപ്പിക്കുന്നതിന് അവസാനം പഞ്ചായത്ത് അംഗവും നാട്ടുകാരും വേണ്ടിവന്നു. കുഴിയടക്കാനായി ബക്കറ്റ് പിരിവ് നടത്തിയായിരുന്നു സർക്കാരിനെതിരെയുള്ള പരിഹാസം. ചന്തപ്പാലം മുതൽ മുളക്കുളം വരെയുള്ള 7 മീറ്റർ റോഡിലെ കുഴികളാണ് പഞ്ചായത്തംഗം കുര്യാക്കോസ് തോട്ടത്തിൽ ന്റെ നേതൃത്വത്തിൽ അടച്ചത്.
കഴിഞ്ഞ മാസം ശ്രീവിദ്യ എന്ന വീട്ടമ്മ ഇവിടെ കുഴിയിൽ വീണ് കാലൊടിഞ്ഞ് കിടപ്പിലായത് വാർത്തയായിരുന്നു.. വെള്ളൂർ കവല,പഞ്ചായത്ത് പടി, സ്കൂൾ കവല തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെ പാതാളക്കുഴികളാണ് ആദ്യം അടച്ചത്.പണം കിട്ടാതെ കരാറുകാരൻ നിർമ്മാണം ഉപേക്ഷിച്ച് പോയതോടെയാണ് റോഡ് കാലങ്ങളായി ഇങ്ങനെ കിടക്കുന്നത്.. യാത്രയ്ക്ക് താൽക്കാലിക പരിഹാരമായി. ഇനിയെങ്കിലും ഈ പ്രതിഷേധങ്ങൾ സർക്കാർ കണ്ടതായി ഭാവിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.