പാലാ നഗരസഭാ ചെയർമാൻ സ്വർണ്ണക്കടയുടെ ഫ്ലക്സ് കുത്തിക്കീറിയതായും ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും പരാതി. നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ കടയ്ക്ക് മുന്നിലെത്തി ഭീഷണിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തായി. നടപ്പുവഴി കയ്യേറി സ്ഥാപിച്ച ഫ്ലക്സ് നീക്കം ചെയ്തതാണെന്നാണ് പാലാ നഗരസഭയുടെ വിശദീകരണം.
കുറച്ചുകാലങ്ങളായി ശാന്തമായിരുന്ന പാലാ നഗരസഭയിൽ വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തിയത് ഒരു ഫ്ലക്സാണ്. പാലാ ടൗണിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയുടെ ഫ്ലക്സ് സ്ഥാപിച്ചത് പിഡബ്ല്യുഡി ഉടമസ്ഥതയിലുള്ള സ്ഥലം കയ്യേറിയെന്നാണ് പാലാ നഗരസഭയുടെ വാദം. ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയെങ്കിലും ജ്വല്ലറിയുടമ ഗൗനിച്ചില്ല. നഗരസഭ അധികൃതർ നീക്കം ചെയ്ത ഫ്ലക്സ് കോടതി അനുമതിയോടെ പുനസ്ഥാപിച്ചു.
വാഹനത്തിൽ കടയ്ക്ക് മുന്നിലേക്ക് വന്നിറങ്ങിയ പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ ഉടമയുടെ ചിത്രമുള്ള ഫ്ലക്സ് വലിച്ച് കീറി. ഫ്ലക്സ് നീക്കം ചെയ്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും പരാതി. അനുകൂലമായ കോടതി വിധിയുള്ളതായി അറിയില്ലായിരുന്നു എന്നാണ് നഗരസഭാ ചെയർമാന്റെ വിശദീകരണം.
ജ്വല്ലറി ഉടമയായ ടോണി വർക്കിച്ചൻ ചെയർമാനെതിരെ പാലാ പൊലീസിൽ പരാതി നൽകി. ടോണി കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുകൂല വിധി സ്വന്തമാക്കിയതെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഷാജു തുരുത്തൻ പറഞ്ഞു.