കള്ളൻമാരുടെ ശല്യം കൊണ്ട് ഒടുവിൽ പൊറുതിമുട്ടി നാടിന് കാവൽ ഇരിക്കുകയാണ് വൈക്കം വെള്ളൂരിൽ ഒരു കൂട്ടം ചെറുപ്പക്കാർ.. രാത്രികാലങ്ങളിലും പുലർച്ചെയും യുവാക്കളുടെ നേതൃത്വത്തിൽ പരിസരത്ത് നടത്തുന്ന തിരച്ചിൽ കൂടിയുള്ളതുകൊണ്ടാണ് വെള്ളൂരുകാർ സ്വസ്ഥമായി ഉറങ്ങുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി മോഷ്ടാക്കളുടെ ശല്യം അതിരൂക്ഷമാണ് വൈക്കം വെള്ളൂരിൽ.
പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ രാത്രി വന്നിറങ്ങും.. മോഷണം നടത്തിയാൽ പിന്നെ ട്രെയിനിൽ കയറി രക്ഷപ്പെടും.. മോഷ്ടാക്കൾക്ക് ഒളിച്ചിരിക്കാൻ കാടു കൂടിയ സ്ഥലങ്ങളും നിരവധി യുള്ള വെള്ളൂരിൽ നാട്ടുകാർക്ക് ഇതല്ലാതെ വേറെ വഴിയില്ല..
36 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ വെള്ളൂർ ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബിലെ അംഗങ്ങളാണ് മോഷ്ടാക്കളെ തുരത്താൻ നാടിന് കാവലിരിക്കുന്നത്.. .. എന്തെങ്കിലും സംശയകരമായി
ഉണ്ടായാൽ നാട്ടുകാർ വാട്ട്സാപ് ഗ്രൂപ്പിലൂടെ ഇവർക്ക് വിവരം കൈമാറും. ക്ലബിലെ അംഗങ്ങൾ പതിനൊന്ന് പേർ വീതമാണ് ഒന്നിടവിട്ട ദിവസങ്ങൾ മാറി മാറി ടോർച്ചും വടികളുമായി ഇങ്ങനെ രാത്രി പത്ത് മുതൽ പുലർച്ചെ നാല് മണി വരെ കാത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം കന്യാകുമാരി സ്വദേശിയായ മോഷ്ടാവിനെ നാട്ടുകാരും പൊലീസും ചേർന്ന് പിടി കൂടിയിരുന്നു. ശനിയാഴ്ച രാത്രി ക്ഷേത്രത്തിൽ മോഷണം നടത്താൻ എത്തിയ ആളെയും പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. അതുകൊണ്ട് കള്ളന്മാർ ജാഗ്രതൈ..പൊലീസ് മാത്രമല്ല നാട്ടിലെ യുവാക്കളും കള്ളന്മാരെ തുരത്താൻ ഇവിടെ കാവലുണ്ട്.