വനം വകുപ്പിനെതിരെ വിമർശനവുമായി കാഞ്ഞിരപ്പള്ളി രൂപതയും. വനംവകുപ്പിന്‍റെ നേതൃത്വത്തിൽ ജനദ്രോഹപരമായ നടപടികൾ തുടർന്നു വരികയാണെന്നും നിയമഭേദഗതി അനുവദിക്കരുതെന്നും കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കൂടി പങ്കെടുത്ത കാഞ്ഞിരപ്പള്ളി രൂപതയുടെ പരിപാടിക്കിടെയായിരുന്നു പ്രതികരണം.
തലശ്ശേരി രൂപതയ്ക്ക് പിന്നാലെ കാഞ്ഞിരപ്പള്ളി രൂപതയും വനംനിയമ ഭേദഗതിയിൽ നിലപാട് വ്യക്തമാക്കുകയാണ്. കർഷകരുടെ ആവശ്യങ്ങളറിഞ്ഞ് പ്രവർത്തിക്കുവാൻ സർക്കാരിന് കഴിയണമെന്നും നിയമസഭയിൽ കക്ഷി രാഷ്ട്രീയ ഭേദമെന്യേ കർഷകസൗഹൃദ നിലപാട് സ്വീകരിക്കണമെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു. കർഷക വിരുദ്ധമായ ഒരു നിയമവും പാസാക്കാൻ അനുവദിക്കുകയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ മറുപടി.
കാഞ്ഞിരപ്പള്ളി രൂപത സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്‍റും മലനാട് ഡവലപ്‌മെന്‍റ് സൊസൈറ്റിയും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയും ചേര്‍ന്ന് 2025 ല്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന വിവിധ സാമൂഹ്യ ക്ഷേമ, ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനമാണ് കാഞ്ഞിരപ്പള്ളി പാറത്തോട് സംഘടിപ്പിക്കപ്പെട്ടത്.