കോട്ടയം മൂന്നിലവിൽ ഹരിത കർമ്മ സേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് കുഴിച്ചിട്ട നിലയിൽ. അഞ്ച് ചാക്ക് നിറയെ പ്ലാസ്റ്റിക് മാലിന്യമാണ് കണ്ടെത്തിയത്. നാട്ടുകാരന്‍റെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മാലിന്യം കണ്ടെത്തിയത്.
നാട്ടുകാരിൽ നിന്ന് പണം ഈടാക്കി ഹരിത കർമ്മ സേന ശേഖരിച്ച മൂന്നിലവ് പഞ്ചായത്തിലെ മാലിന്യമാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് ഇങ്ങനെ കുഴിച്ചിട്ടിരിക്കുന്നത്. ആറു മാസങ്ങൾക്കു മുൻപ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് ടൈൽ പാകിയപ്പോൾ അതിനൊപ്പം മാലിന്യം കൂടി മണ്ണിട്ട് മൂടി എന്നായിരുന്നു സംശയം ഉയർന്നത്. നാട്ടുകാരനായ ജോൺസന്റെ തുടർച്ചയായ പരാതിക്കൊടുവിൽ പഞ്ചായത്ത് തന്നെ ടൈലിളക്കി മണ്ണ് മാറ്റി പരിശോധിക്കുകയായിരുന്നു
കൂട്ടിയിട്ടിരുന്ന മാലിന്യം അശാസ്ത്രീയമായി മണ്ണിനടിയിൽ കുഴിച്ചിട്ടതിന് പിന്നിൽ പഞ്ചായത്ത് അംഗവും കരാറുകാരനും ആണെന്നാണ് ജോൺസന്റെ ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പഞ്ചായത്ത് അറിയിച്ചു. മാലിന്യം നരിമറ്റത്തുള്ള പ്ലാസ്റ്റിക് സമ്പൂർണ കേന്ദ്രത്തിലേക്ക് മാറ്റി. പണം ഈടാക്കി ശേഖരിക്കുന്ന മാലിന്യം നിരുത്തരവാദപരമായി കുഴിച്ചിട്ടതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.