പാലാ മീനച്ചിലിൽ നിന്നും പ്രഭാത നടത്തത്തിനിടെ കാണാതായ വയോധികനെ ഒരു മാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. ഇന്നലെ നാട്ടുകാർക്കൊപ്പം 70 പൊലീസുകാരുടെ സംഘം പരിസരത്ത് തിരച്ചിൽ നടത്തിയിട്ടും വയോധികന്റെ തിരോധാനത്തിന് ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല...പാലാ മീനച്ചിൽ പടിഞ്ഞാറേമുറിയിൽ മാത്യൂ തോമസ് എന്ന മാത്തച്ചനെയാണ് വീടിനു സമീപത്തു നിന്നും കാണാതായത്.
പതിവ് ദിവസങ്ങളിലേതു പോലെ പ്രഭാത നടത്തത്തിന് ഇറങ്ങിയതായിരുന്നു പാലാ മീനച്ചിൽ സ്വദേശിയായ മാത്യു തോമസ്.
ഉച്ചയായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞമാസം 21ന് കാണാതാകുമ്പോൾ കൈവശം മൊബൈൽഫോണോ പണമോ ഉണ്ടായിരുന്നില്ല. അന്നേദിവസം പത്തുമണിയോടെ ഒരു വാഹനത്തിൻ്റെ ഡോർ പലവട്ടം തുറന്നടയ്ക്കുന്നതു കേട്ടുവെന്നു സമീപവാസികൾ പറയുന്നുണ്ട്.സമീപവീടുകളിൽ സിസിടിവി ഇല്ലാതിരുന്നതും അന്വേഷണത്തിന് തടസമായി. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ബന്ധുക്കൾ പരാതി നൽകിയതോടെയാണ് വീണ്ടും തിരച്ചിൽ ആരംഭിച്ചത്.
പാലാ മീനച്ചിൽ സ്വദേശിയായ മാത്യു തോമസും ഭാര്യയും മാത്രമായിരുന്നു പാലായിലെ കുടുംബവീട്ടിൽ താമസിച്ചിരുന്നത്.വീട്ടിൽ നിന്നും അധിക ദൂരം പോകാൻ സാധ്യതയില്ലെന്ന് നിഗമനത്തിൽ വീടിന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.എ ആർ ക്യാമ്പിൽ നിന്നും മറ്റ് സബ് ഡിവിഷനുകളിൽ നിന്നുമായി എഴുപതോളം പൊലീസുകാരാണ് തിരച്ചിൽ സംഘത്തിൽ ഉള്ളത്. ജീർണിച്ച ശരീരത്തിന്റെ ഗന്ധം കണ്ടെത്താൻ കഴിയുന്ന കടാവർ നായകളും സംഘത്തിലുണ്ട്.പാലാ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ നടത്തിയ തിരച്ചിലിലും കണ്ടെത്താൻ കഴിയാത്തതിനാൽ തിരോധാനത്തിന് പിന്നിൽ മറ്റ് ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു