കൂറ്റൻ പെരുമ്പാമ്പിനെ പേടിച്ച് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിൽ വൈക്കത്തെ രണ്ട് കുടുംബങ്ങൾ. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചപ്പോൾ തിരക്കാണെന്നും പാമ്പിന്‍റെ ഫോട്ടോ അയച്ചു കൊടുക്കാനുമായിരുന്നു മറുപടി.. സമാധാനത്തോടെ വീട്ടിൽ കിടന്നുറങ്ങാൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടുകയാണ് വൈക്കം കിഴക്കേ നടയിലെ രണ്ടു കുടുംബങ്ങൾ.
കിഴക്കേ നട ദളവാക്കുളം ബസ് സ്റ്റാഡിന് സമീപത്തെ പെരിഞ്ചില തോട്ടരുകിലാണ് ഒരു പെരുമ്പാമ്പ് മാസങ്ങളായി ഇങ്ങനെ വിലസുന്നത്. ഭിന്നശേഷിക്കാരനായ പണ്ടാരചിറ വേണുഗോപാലിൻ്റെയും സഹോദരൻ അയ്യപ്പന്റെയും വീടിനോട് ചേർന്നാണ് പത്തടിയിലധികം നീളമുള്ള കൂറ്റൻ പാമ്പുള്ളത്. ഇരപിടിക്കാൻ ഇറങ്ങി തോടരുകിൽ കിടക്കുന്ന പാമ്പ് നാട്ടുകാരുടെയും പേടിസ്വപ്നമാണ്.. കാട് പിടിച്ച് കിടക്കുന്ന പെരുംഞ്ചില തോടിൻ്റെ വിവിധ ഭാഗങ്ങളിലായി പെരുമ്പാമ്പിനെ കണ്ടവരുണ്ട്.. മുയൽ അടക്കമുള്ള വളർത്തുമൃഗങ്ങളെ പിടിച്ചുതിന്നു.. ഇനി വീട്ടിലേക്കും ആക്രമണം ഉണ്ടാകുമോ എന്നാണ് ഇവരുടെ പേടി
സംഭവം ഇത്രയൊക്കെ ഗുരുതരം ആണെങ്കിലും കോട്ടയത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചപ്പോൾ തിരക്കാണെന്നും പാമ്പിൻ്റെ ഫോട്ടൊ അയക്കാനുമായിരുന്നത്രെ നിർദേശം.. ഫോട്ടോയെടുക്കാനായി പാമ്പ് നിന്ന് തരുമോ എന്നാണ് നാട്ടുകാരുടെ ന്യായമായ ചോദ്യം. അതിനുള്ള ധൈര്യമില്ലാത്തതുകൊണ്ടാണല്ലോ വനംവകുപ്പിനെ വിളിച്ചത്.എത്രയും വേഗം പാമ്പിനെ പിടികൂടി ഭീതി ഒഴിവാക്കാൻ നടപടി വേണമെന്നാണ് നിസ്സഹായരായ ഈ കുടുംബത്തിന്റെയും നാട്ടുകാരുടെയും ആവശ്യം.. പാമ്പിന്റെ ദൃശ്യങ്ങൾ കൂടി കണ്ട സ്ഥിതിക്ക് ഇനിയെങ്കിലും വനം വകുപ്പ് ഇവരുടെ ആവശ്യം പരിഗണിക്കണം