kottayam-paddyfield

TOPICS COVERED

കോട്ടയം തിരുവാർപ്പ് ജെ ബ്ലോക്ക് പാടശേഖരത്തിലെ നെല്ല് സംഭരണത്തിൽ പ്രതിസന്ധി. മില്ലുടമകൾ നെല്ലിന് അധിക കിഴിവ് ആവശ്യപ്പെട്ടതോടെ ക്വിന്‍റൽ കണക്കിന് നെല്ല് സംഭരിക്കാതെ പാടശേഖരത്ത് കെട്ടികിടക്കുകയാണ്.  പ്രശ്നത്തിൽ കോൺഗ്രസ് ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് സ്ഥലം സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

തിരുവാർപ്പിലെ കർഷകന്‍റെ അധ്വാനം വരമ്പത്ത് കൂട്ടിയിടാൻ തുടങ്ങിയിട്ട് 14 ദിവസം കഴിഞ്ഞു. നെൽക്കൂനയിലേക്ക് നോക്കി ഉള്ളുപിടയാനേ കർഷകന് കഴിയുന്നുള്ളൂ. അന്നമൂട്ടാൻ വിയർപ്പൊഴുക്കിയവരെ ചേർത്തുപിടിക്കും എന്ന് പറഞ്ഞ സർക്കാരിനെ എവിടെയും കണ്ടില്ല. നെല്ലിന് കിഴിവ് വാങ്ങാൻ തക്ക ഈർപ്പം ഇല്ലെങ്കിലും  ഒരു ക്വിന്‍റൽ നെല്ലിന് മൂന്ന് മുതൽ ആറ് കിലോ വരെ കിഴിവാണ് മില്ലുടമകൾ ആവശ്യപ്പെടുന്നത്. ഇനി മറ്റു വഴികളില്ലെന്നാണ് കർഷകരുടെ പ്രതികരണം .

കൃഷി മന്ത്രിക്കും ഭക്ഷ്യമന്ത്രിക്കുമെല്ലാം പരാതി കൊടുത്തു. പാഡി ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചു. ജില്ലാ കലക്ടർ ചർച്ച നടത്തിയിട്ടും മില്ലുടമകൾ വഴങ്ങിയില്ല . സ്ഥലത്തെത്തിയ പ്രതിപക്ഷ നേതാവും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പെട്ടെന്ന് ഒരു വേനൽ മഴ എത്തിയാൽ  കർഷകരുടെ അധ്വാനമെല്ലാം  അവരെ സംരക്ഷിക്കുമെന്ന് പറഞ്ഞ സർക്കാരിന്‍റെ കൺമുന്നിലൂടെ ഒഴുകിപ്പോകും. മഴയത്തും വെയിലത്തും രാത്രിയിലും  കൂട്ടിയിട്ട നെൽകൂനയ്ക്ക്  കാവൽ ഇരിക്കുകയാണ് തിരുവാർപ്പ് ജെ ബ്ലോക്കിലെ കർഷകർ. 

ENGLISH SUMMARY:

Rice Procurement Crisis in J Block Paddy Field, Thiruvarppu, Kottayam