രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത വൈക്കം വെച്ചൂരിലെ അഞ്ചുമനപ്പാലത്തിന്റെ അപ്രോച്ച് റോഡിന് നിർമ്മാണ അപാകത ആരോപിച്ച് നാട്ടുകാർ. അപ്രോച്ച് റോഡും പ്രധാന റോഡുമായി ചേരുന്ന ഭാഗം താഴുന്നതായാണ് പരാതി. ഇതുമൂലം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണെന്നും നാട്ടുകാർ
ഏറെ പഴി കേട്ട് അഞ്ചുകൊല്ലം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ വെച്ചൂർ അഞ്ചുമനപ്പാലം ജനുവരി 18 നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചത്. പാലം ഉപയോഗിച്ച് തുടങ്ങി മാസങ്ങൾ പിന്നിടുമ്പോൾ അപ്രോച്ച് റോഡും പ്രധാന റോഡും തമ്മിൽ ചേരുന്ന ഭാഗത്തെ കുഴിവാണ് നാട്ടുകാരെ വലയ്ക്കുന്നത്.. കാനയിലേക്ക് വെള്ളമൊഴുകി പോകാനാണ് റോഡിന് കുറുകെ പാത്തി പോലെ നിർമ്മിച്ചതത്രെ..വെച്ചൂർ റോഡിൻ്റെ ആധുനിക നിർമ്മാണം പൂർത്തിയാകുമ്പോൾ എല്ലാം ശരിയാകുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
ഒരു പാലം പണിത് നാടിനു കിട്ടാൻ അഞ്ചു കൊല്ലം കാത്തിരിക്കേണ്ടി വന്നു.. ഇനി കുഴിയുടെ പ്രശ്നം അടുത്തൊന്നും പരിഹരിക്കപ്പെടില്ലെന്ന് തന്നെയാണ് നാട്ടുകാരുടെ ആശങ്ക. പതിനെട്ട് മീറ്റർ നീളവും പതിമൂന്ന് മീറ്റർ വീതിയുമുള്ള പാലത്തിന് ഇരു ഭാഗത്തുമായി 90 മീറ്ററാണ് അപ്രോച്ച് റോഡുള്ളത്. ഒരു ഭാഗത്ത് മാത്രമാണ് നിർമ്മാണത്തിലെ അപാകത. കിഫ്ബിയുടെ ഫണ്ടിൽ 3 കോടി 31 ലക്ഷം എസ്റ്റിമേറ്റിൽ തുടങ്ങിയ പണി 4 കോടിയിലധികം മുടക്കിയായിരുന്നു പൂർത്തിയാക്കിയത്.. പാലത്തിനായി കാത്തിരിക്കേണ്ടി വന്നതുപോലെ അപാകത പരിഹരിക്കാനും കാത്തിരിക്കേണ്ടി വരുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക.