വൈക്കത്ത് നഗരസഭ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അക്ഷയ കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് ആറ് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം.. വൈക്കം നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപിടുത്തം ഉണ്ടായത്. കെട്ടിട സമുച്ചയത്തിലെ വയറിങ് അപകടകരമെന്ന് വാടകക്കാരും കെഎസ്ഇബിയും അറിയിച്ചിട്ടും നഗരസഭയുടെ അനങ്ങാപ്പാറ നയമാണ് അപകടത്തിന് കാരണമെന്നാണ് പരാതി.
അടച്ചിട്ട മുറിയിൽ പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ നാല് കമ്പ്യൂട്ടറുകളും നാല് പ്രിന്‍ററുകളും ഫോട്ടോസ്റ്റാറ്റ് ഉപകരണങ്ങളടക്കം മുറിയിലുണ്ടായിരുന്നതെല്ലാം പൂർണ്ണമായി കത്തിനശിച്ചു. വൈക്കം നഗരസഭ ഷോപ്പിങ് കോംപ്ലക്സിലെ രണ്ടാം നിലയിലാണ് ഷോർട്ട് സർക്യൂട്ട് മൂലം തീ പിടിത്തമുണ്ടായത്. കെട്ടിടത്തിലെ 15 കണക്ഷൻ മീറ്ററുകളും വയറിങ്ങും അപകടരമായ നിലയിലാന്നെന്നും മാറ്റിസ്ഥാപിച്ചില്ലെങ്കിൽ വൈദ്യുതി വിശ്ചേദിക്കുമെന്നും കാണിച്ച് 2022 മുതൽ 10 ലധികം നോട്ടീസുകളാണ് KSEB നഗരസഭക്ക് നൽകിയിരുന്നത്. ഇത് മാറ്റി സ്ഥാപിക്കണമെന്ന് അറിയിച്ച് വാടകക്കാരും നഗരസഭയെ സമീപിക്കുന്നതിനിടെയാണ് തീപിടുത്തം
താലൂക്ക് വികസന സമിതി യോഗത്തിലും KSEB ഗുരുതര അപകടാവസ്ഥ അറിയിച്ചിട്ടും നഗരസഭ അനങ്ങിയിട്ടില്ലെന്നാണ് വ്യാപാരി സംഘടനയുടെ പരാതി. രണ്ട് സർക്കാർ സ്ഥാപനങ്ങളടക്കം 18 വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് വർഷങ്ങളായി അപകടസ്ഥിതി തുടർന്നത് .