തൃശൂർ കുന്നംകുളം ചൂണ്ടൽ റോഡിന് ഇനിയും രക്ഷയില്ല. പൊട്ടി പൊളിഞ്ഞ റോഡിൽ മഴവെള്ളം നിറയുന്നതോടെ ഒന്നുകൂടി അവസ്ഥ ഗുരുതരമാകും. ദുരിത യാത്ര ഒഴിവാക്കാൻ മുഖ്യമന്ത്രി വഴിമാറി പോയെങ്കിലും സാധാരണക്കാരുടെ പെടാപ്പാട് തുടരുകയാണ്. ഇഡ്ഡലി പാത്രം പോലെ കുഴികൾ മാത്രമുള്ള ഈ റോഡ് ഒന്നോ രണ്ടോ പേർ മാത്രം സഞ്ചരിക്കുന്നതല്ല. ദിനംപ്രതി ആയിരക്കണക്കിനാളുകൾ ഉപയോഗിക്കുന്നതാണ്.
ആ വഴി കടക്കാനുള്ള പെടാപ്പാടാണ് ഇത്. ഇന്നലെ ഇതിലെ ആയിരുന്നു മുഖ്യമന്ത്രിയുടെ കാർ വരേണ്ടിയിരുന്നത്. എന്നാൽ 20 കിലോമീറ്റർ അധികം ചുറ്റിവളഞ്ഞു വടക്കാഞ്ചേരി വഴിയാണ് മുഖ്യമന്ത്രി പോയത്. സാധാരണ യാത്രക്കാർക്ക് ഈ ദുരിത യാത്ര തുടർന്നേ മതിയാകൂ. പ്രശ്നം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് നാട്ടുകാർ പറയുന്നു.
വാഹനങ്ങൾ ചെളികുഴികളിൽ പെട്ടുപോകുന്നത് പതിവാണ്. അപകടവും മരണവും ഈ സ്ഥലത്ത് ധാരാളം നടന്നിട്ടുണ്ട്. എന്നിട്ടും അധികൃതരാരും കണ്ട ഭാവം നടിക്കുന്നില്ല. വാഗ്ദാനങ്ങൾ എല്ലാം പലതു പറഞ്ഞെങ്കിലും ഇതുവരെ നടപടി ആയില്ല. പ്രശ്നത്തിന് ഉടനടി തീർപ്പു കൽപ്പിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം