തൃശൂരിൽ പലയിടത്തായി മിന്നൽ ചുഴലി. മരങ്ങൾ കടപുഴകി വീണതോടെ പലയിടത്തും ഗതാഗതം തടസ്സമുണ്ടായി. കനത്ത മഴയെ തുടർന്ന് ജില്ലയിൽ കളക്ടർ അവധി പ്രഖ്യാപിച്ചു
വൈകീട്ട് മൂന്നരയോടെയായിരുന്നു ചെന്ത്രാപ്പിന്നി ചാമക്കാലയിൽ മിന്നൽ ചുഴലി വീശിയത്. ഗുരുവായൂർ നെൻമേനി മേഖലയിലും ശക്തമായ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. ചാലക്കുടിയിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയ്ക്ക് മേൽ മരം കടപുഴകി വീണു. വൈദ്യുതി ലൈനും മരത്തോടൊപ്പം വീണിരുന്നു. വൻ ദുരന്തത്തിൽ നിന്നാണ് ദമ്പതികൾ രക്ഷപ്പെട്ടത് . നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകളും തകർന്നു. വൻനാശനഷ്ടമാണ് സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന മിന്നൽ ചുഴലി വിതച്ചത്. മരങ്ങൾ വീണ് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു . നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് വഴിയിലേക്ക് വീണ മരങ്ങൾ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ചാമക്കാല പള്ളത്ത് ക്ഷേത്രത്തിനടുത്ത് തൊട്ടടുത്ത പറമ്പിലെ തേക്ക് മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു.
വീടുകളുടെയും സ്ഥാപനങ്ങളുടെയും ഓടുകളും ഷീറ്റുകളും പറന്നുപോയി. സമീപ പ്രദേശത്തെ മറ്റൊരു വീട്ടിലേക്ക് തെങ്ങ് മറിഞ്ഞുവീണങ്കിലും വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വൈദ്യുത പോസ്റ്റുകൾ തകർന്നു വീണതിനാൽ പലയിടത്തും വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു.