TOPICS COVERED

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ കക്കൂസ് മാലിന്യം ഓടയില്‍ തള്ളുന്നത് തടഞ്ഞ് മേയര്‍ എം.കെ.വര്‍ഗീസ്. ഓടയ്ക്കു മീതെയുള്ള കോണ്‍ക്രീറ്റ് സ്ലാബുകള്‍ മേയറും സംഘവും പൊളിച്ചു. റെയില്‍വേ സ്റ്റേഷനില്‍ മാലിന്യ പ്ലാന്‍റ്  സ്ഥാപിക്കാത്തതാണ് പ്രശ്നം. 

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ കക്കൂസ് മാലിന്യം പൊതുഓടയിലേയ്ക്കാണ് തള്ളിയിരുന്നത്. ഈ മാലിന്യമെല്ലാം ഒഴുകി നഗരത്തിലെ ഓടകളില്‍ കലര്‍ന്നിരുന്നു. നഗരത്തിലെ ഓടയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചോടെ ജനജീവിതവും ദുസഹമായി. കക്കൂസ് മാലിന്യം ഉള്‍പ്പെടെ ശുചീകരിക്കാന്‍ റെയില്‍വേ ഇതുവരെ പ്ലാന്‍റ്  സ്ഥാപിച്ചിട്ടില്ല. ഇനി, പൊതു ഓടയിലേക്ക് മാലിന്യം തള്ളാന്‍ പറ്റില്ലെന്ന് മേയര്‍ എം.കെ.വര്‍ഗീസ് വ്യക്തമാക്കി.

മുന്നൂറിലേറെ കോടി രൂപ ചെലവിട്ട് റെയില്‍വേ സ്റ്റേഷന്‍ മോടി പിടിപ്പിക്കാനുള്ള പദ്ധതി പ്രാരംഭഘട്ടത്തിലാണ്. ഇതു നടപ്പാക്കുമ്പോള്‍ പ്ലാന്‍റ് സ്ഥാപിക്കാമെന്നാണ് റെയില്‍വേയുടെ മറുപടി.