തൃശൂർ ജില്ലാ ആശുപത്രിയിൽ വൃക്ക രോഗികളുടെ പ്രതിഷേധം. 9 മാസമായി ഡയാലിസിസ് ഉപകരണത്തിന്‍റെ പ്രവർത്തനം അവതാളത്തിൽ ആയതോടെ ഡയാലിസിസ് മുടങ്ങിയതാണ് പ്രതിഷേധത്തിന് കാരണം. നാളെ ഡയാലിസിസ് ഉപകരണങ്ങൾ എത്തുമെന്ന് അധികൃതർ ഉറപ്പു നൽകിയതിനെ തുടർന്ന് രോഗികൾ പ്രതിഷേധം അവസാനിപ്പിച്ചു.
ഒരുകാലത്ത് രോഗികൾക്ക് ഏറ്റവും നല്ല ഡയാലിസിസ് ലഭിച്ചിരുന്ന സ്ഥലം ആയിരുന്നു തൃശൂർ ജില്ലാ ആശുപത്രി. എന്നാൽ 9 മാസത്തോളമായി ഇവിടെ കൃത്യമായ ഡയാലിസിസ് നടക്കുന്നില്ല. കഴിഞ്ഞ രണ്ടാഴ്ചയായി രോഗികൾ ഏറെ ബുദ്ധിമുട്ടിലാണ്. ഡയാലിസിസ് ഉപകരണങ്ങൾ പ്രവർത്തനരഹിതമായതാണ് നിലവിലത്തെ പ്രതിസന്ധിക്ക് കാരണമായി അധികൃതർ പറയുന്നത്. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വരെ എടുക്കേണ്ടവർക്ക് ഇപ്പോൾ ഒന്നിലൊതുക്കേണ്ട അവസ്ഥയാണ്
എന്നാൽ പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണുമെന്നും, എസി അടക്കമുള്ള ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കുമെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചു. വാഗ്ദാനം പാലിക്കപ്പെട്ടില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകുമെന്നും രോഗികൾ പറഞ്ഞു.