ചേലക്കര ചീപ്പാറയിൽ ഇരുപതിലധികം കുടുംബങ്ങളെ വഴിയാധാരമാക്കുന്ന പട്ടയ പ്രശ്നം മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പരിഹാര നീക്കവുമായി സിപിഎം. റവന്യു മന്ത്രി കെ രാജനുമായി വിഷയം സംസാരിച്ചതായും പട്ടയം അനുവദിക്കാൻ നീക്കം നടത്തുമെന്നും എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപ് മനോരമ ന്യൂസിനോട് പറഞ്ഞു. അഞ്ച് പതിറ്റാണ്ടോളമായി നിലനിൽക്കുന്ന പ്രശ്നം ഉന്നയിച്ച് തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്നു ചീപ്പാറ നിവാസികൾ.
തൊണ്ണൂറ് വയസ് പിന്നിട്ട ലക്ഷ്മിക്കുട്ടിയമ്മ വിറയാർന്ന ശരീരവുമായി മനോരമ ന്യൂസ് മോണിങ് എക്സ്പ്രസിൽ ചീപ്പാറക്കാരുടെ ദുരിതം പറഞ്ഞു. പ്രായാധിക്യത്തിന്റെ അവശതകൾ മറന്ന് മൈമുന ഉമ്മയും എത്തി പരസഹായത്തോടെ.
ചീപ്പാറയിലെ അഞ്ഞൂറോളം പേർ പട്ടയമില്ലാതെ വർഷങ്ങളായി വലയുകയാണ്. ചീപ്പാറക്കാർക്ക് ആശ്വാസമായി പ്രതിസന്ധിയിൽ സിപിഎം ഇടപെടൽ.