തൃശൂരിലെ പാലയൂര്‍ സെന്‍റ് തോമസ് പള്ളിയില്‍ ക്രിസ്മസ് കാരള്‍ ഗാനം മൈക്കില്‍ പാടുന്നത് മുടക്കിയ എസ്.ഐയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് സി.പി.എം ഇടപെടല്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് കത്ത്നല്‍കി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് എസ്.ഐ ധിക്കാരം കാട്ടിയെന്ന് ആരോപണവുമായി ബി.ജെ.പിയും രംഗത്തെത്തി.
ക്രിസ്മസ് രാത്രിയില്‍ പാലയൂര്‍ സെന്‍റ് തോമസ് പള്ളിമുറ്റത്ത് കാരള്‍ ഗാനം പാടാന്‍ വേദിയൊരുക്കിയിരുന്നു. മൂന്നു പാട്ടുകള്‍ പാടിയ ശേഷം ഇതേവേദിയില്‍ ക്രിസ്മസ് തിരുകര്‍മങ്ങള്‍ തുടങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ വരുന്നതിന് മുമ്പ് രാത്രി എട്ടു മണിയോടെ ചാവക്കാട് എസ്.ഐ: വിജിത്ത് പള്ളിയില്‍ എത്തി. പള്ളിമുറ്റത്ത് മൈക്ക് ഉപയോഗിക്കാന്‍ പ്രത്യേക അനുമതി വാങ്ങണമെന്നായി. ഇല്ലെങ്കില്‍ കേസെടുക്കുമെന്ന് താക്കീത് ചെയ്തു. ഇതോടെ, പള്ളിമുറ്റത്തെ കാരള്‍ ഗാനം പാടല്‍ പള്ളി അധികൃതര്‍ ഉപേക്ഷിച്ചു. എസ്.ഐയ്ക്കെതിരെ നടപടിയെടുക്കാതെ മേലുദ്യോഗസ്ഥര്‍ സംരക്ഷിച്ചതോടെ പ്രതിഷേധം ഉയര്‍ന്നു.
തൃശൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സഭാ നേതൃത്വത്തെ കണ്ട് ക്ഷമാപണം നടത്തി. മാത്രവുമല്ല, എസ്.ഐയെ സ്ഥലംമാറ്റി നടപടിയെടുക്കാമെന്ന് ഉറപ്പും നല്‍കി. പക്ഷേ, എസ്.ഐയുടെ വീട്ടുമുറ്റത്തെ പൊലീസ് സ്റ്റേഷനിലേയ്ക്കു മാറ്റി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംരക്ഷിച്ചു. സി.പി.എമ്മിന്‍റെ ചാവക്കാട് ഏരിയാ സെക്രട്ടറി എസ്.ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രസ്താവന ഇറക്കിയതിനു പിന്നാലെയായിരുന്നു ഉദ്യോഗസ്ഥന്‍റെ ഇഷ്ട്പ്രകാരം വീടിനടുത്തേയ്ക്കു മാറ്റിയത്.
ഇതോടെ ഈ വിഷയത്തില്‍ സി.പി.എം. തൃശൂര്‍ ജില്ലാ നേതൃത്വം ഇടപ്പെട്ടു. ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയ്ക്കു കത്തു കൈമാറി. ബി.ജെ.പിയും എസ്.ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് ഫോണില്‍ സംസാരിക്കാന്‍ എസ്.ഐ. തയാറായില്ലെന്നാണ് ബി.ജെ.പിയുടെ പരാതി. പൊലീസ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുകളെല്ലാം എസ്.ഐയ്ക്ക് അനുകൂലമാണ്. നിയമപരമായി എസ്.ഐ ചെയ്തതാണ് ശരിയെന്ന് മേലുദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.