പ്രതികൾക്കു നിയമസഹായം നൽകുന്ന സർക്കാർ നിയമിത വനിത അഭിഭാഷകർക്ക് പ്രസവാനുകൂല്യം ഹൈക്കോടതി അനുവദിച്ചതിന് പിന്നിൽ നിയമപോരാട്ടത്തിൻറെ കഥയുണ്ട്. തൃശൂർ സ്വദേശിനിയായ അഡ്വക്കേറ്റ് എഡ്വീന ബെന്നിയാണ് നിയമപോരാട്ടത്തിലൂടെ ആനുകൂല്യം നേടിയെടുത്തത്.
അഭിഭാഷകൻറെ സേവനം ലഭിക്കാൻ പണമില്ലാത്ത പ്രതികൾക്ക് സർക്കാർ അഭിഭാഷകരെ നൽകും. ഇതിനായി, നിയമ സേവന അതോറിറ്റിയാണ് അഭിഭാഷകരെ നിമയിക്കുന്നത്. ഇങ്ങനെ നിയമിക്കപ്പെടുന്ന വനിതാ അഭിഭാഷകർക്ക് പ്രസവാവധിയും മറ്റ് ആനുകൂല്യങ്ങളും രേഖകളിലെവിടെയും പരാമർശിച്ചിരുന്നില്ല. അതുക്കൊണ്ടുതന്നെ, ആ ആനുകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെട്ടു. അഡ്വക്കേറ്റ് എഡ്വിൻ ബെന്നി ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. തൊഴിലിടങ്ങളിൽ സ്ത്രീകളോടുള്ള വിവേചനം മൌലികാവകാശ ലംഘനമാണെന്ന് വാദിച്ചു. കഴിഞ്ഞ ജനുവരിയിൽ ഈ ആനുകൂല്യം അനുവദിച്ച് ദേശീയ നിയമ സേവന അതോറിറ്റി ഉത്തരവിറക്കി.
തൃശൂരിലെ പ്രമുഖ അഭിഭാഷകനായ അഡ്വക്കേറ്റ് എ.ഡി.ബെന്നിയുടെ മകളാണ് എഡ്വീന. തൃശൂർ ഗവൺമെൻറ് ലോ കോളജിലായിരുന്നു പഠനം പൂർത്തിയാക്കിയത്. നിലവിൽ, ഡിഫൻസ് കൌൺസിൽ അഭിഭാഷകയാണ്.