ബാറ്ററായി കലാമണ്ഡലം ഗോപിയാശാന്‍ .കീപ്പറായി ഗാനരചയിതാവ് ബി.കെ.ഹരിനാരായണന്‍. ബൗളര്‍ ആയി ക്രിക്കറ്റ് പരിശീലകന്‍ പി.ബാലചന്ദ്രന്‍. നല്ല കോംബോ. തൃശൂരില്‍ ക്രിക്കറ്റ് അക്കാദമിയുടെ ടൂര്‍ണമെന്‍റ് ഉദ്ഘാടനമായിരുന്നു രംഗം.
ബാറ്ററായി കലാമണ്ഡലം ഗോപിയാശാന്‍ തിളങ്ങി. എണ്‍പത്തിയേഴാം വയസിലും ബാറ്റു പിടിച്ച് പിച്ചില്‍ നില്‍ക്കാന്‍ ഗോപിയാശാന്‍ കാട്ടിയ ആത്മവിശ്വാസമുണ്ടല്ലോ! അത് ക്രിക്കറ്റ് ആരാധകനില്‍ നിന്നുണ്ടായതാണ്. ഐ.പി.എല്‍ ടൂര്‍ണമെന്‍റിലെ മല്‍സരം കഴിഞ്ഞ് ജയപരാജയം അറിഞ്ഞ ശേഷമെ അത്താഴവും ഉറക്കവും ഉള്ളൂ. അത്രയ്ക്കേറെ ഇഷ്ടമാണ് ക്രിക്കറ്റിനെ. കഥകളി അരങ്ങിലേക്കാള്‍ എത്ര പ്രയാസമാണ് ക്രിക്കറ്റ് കളിക്കാനെന്ന് ഗോപിയാശാന്‍ പറയുന്നു.
സിനിമയില്‍ പാട്ടിന്‍റെ അണിയറയിലാണ് ഗാനരചയിതാവ് ബി.കെ.ഹരിനാരായണന്‍റെ ഇടം. ക്രിക്കറ്റിലാകട്ടെ വിക്കറ്റിന്‍റെ പുറകിലായിരുന്നു ദൗത്യം. തൃശൂരിലെ ആത്രേയ ക്രിക്കറ്റ് അക്കാദമിയുടെ ടൂര്‍ണമെന്‍റ് ഉദ്ഘാടനമായിരുന്നു ഈ വേദി.